സെന്‍റ് കിറ്റ്‌സ്: വെസ്‌റ്റിന്‍ഡീസിനെതിരായ അടുത്ത മത്സരങ്ങളില്‍ ആവശ്യമെങ്കില്‍ രോഹിത് ശര്‍മ വിശ്രമം എടുക്കണമെന്ന് മുന്‍ പാക് താരം ഡാനിഷ് കനേറിയ. വിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതിന് പിന്നാലെയാണ് കനേറിയയുടെ പ്രതികരണം. ഇന്ത്യന്‍ നായകന്‍ വിശ്രമം എടുത്താലും ടീമിനെ നയിക്കാന്‍ മാച്ച് വിന്നര്‍മാരായ സഞ്ജു സാംസണെ പോലുള്ള താരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
ഒരു ബൗണ്ടറി നേടിയ ശേഷമുള്ള രോഹിത് ശര്‍മ്മയുടെ പ്രതികരണം കണ്ടാല്‍ തന്നെ മനസിലാകും എത്രത്തോളം വേദനയാണ് താരത്തിനുണ്ടായിരുന്നതെന്ന്. രോഹിത് ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കേണ്ട സമയം ആണിത്. ഏഷ്യ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട താരമാണ് രോഹിത്.
ആവശ്യമാണെങ്കില്‍ രോഹിത് വരും മത്സരങ്ങളില്‍ വിശ്രമം എടുക്കണം. രോഹിത് ഇല്ലെങ്കിലും മാച്ച് വിന്നര്‍മാരും ക്യാപ്റ്റന്‍സി ഓപ്‌ഷനുകളുമായ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരും ടീമിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മത്സത്തിന് മുന്‍പായി പരിക്കില്‍ നിന്ന് മുക്തനാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിന്‍ഡീസിനെതിരായ മൂന്നാം മത്സരത്തിന് ശേഷം രോഹിത് ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.
വിന്‍ഡീസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബാറ്റിങ്ങിനിടെയാണ് രോഹിത് പരിക്കേറ്റത്. മത്സരത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായ രോഹിത് പിന്നീട് ബാറ്റിങ്ങിനെത്തിയിരുന്നില്ല. എങ്കിലും മത്സരം ഇന്ത്യ വിജയിച്ചിരുന്നു.
മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പിയായ സൂര്യകുമാര്‍ യാദവിനെയും കനേറിയ പ്രശംസിച്ചു. നിലവില്‍ ഫ്ലിക് ഷോട്ടുകള്‍ കളിക്കാൻ സൂര്യയേക്കാള്‍ മികച്ച താരമുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.