കറാച്ചി: ഏഷ്യ കപ്പിന്‍റെ വേദിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാനില്ലെന്ന ഭീഷണിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്ത് എത്തിയിരുന്നു. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിനായി രാജ്യത്തേക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. സുരക്ഷ പ്രശ്‌നങ്ങള്‍ കാരണമാണ് പാക് മണ്ണിലേക്കില്ലെന്ന് ബിസിസിഐ അറിയിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചത്. കഴിഞ്ഞ ദിവസത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ ഏകദിന ലോകകപ്പ് കളിക്കാതിരിക്കുന്ന് പാകിസ്ഥാന്‍റെ തെറ്റായ നീക്കമാണെന്നാണ് മുൻ സ്പിന്നർ ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടിരിക്കുന്നത്.
"ഇന്ത്യ തീർച്ചയായും പാകിസ്ഥാനില്‍ ഏഷ്യ കപ്പ് കളിക്കാന്‍ എത്തില്ല. ഇന്ത്യയെ കൂടാതെ ടൂർണമെന്‍റ് നടത്താമെന്ന് പാകിസ്ഥാൻ കരുതുന്നുവെങ്കിൽ അവർ മുന്നോട്ട് പോകണം. എന്നാൽ പാകിസ്ഥാൻ ലോകകപ്പ് കളിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ല"കനേരിയ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പാക് മുന്‍ സ്‌പിന്നറുടെ പ്രതികരണം.
ഒരു ഐസിസി പരിപാടിയായതിനാൽ ലോകകപ്പിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ പാകിസ്ഥാൻ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും കനേരിയ വ്യക്തമാക്കി. "നിങ്ങള്‍ക്ക് ഫ്രണ്ട് ഫൂട്ടില്‍ കളിക്കണമെങ്കില്‍ ഔട്ട് സ്വിങ്ങര്‍മാരും ഇന്‍സിങ്ങര്‍മാരും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടേണ്ടി വരും. അതുപോലെ തന്നെ ലോകകപ്പ് ഒരു ഐസിസി പരിപാടിയായതിനാൽ അവർക്ക് ചില പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം" കനേരിയ പറഞ്ഞു.
2023ലെ ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തത നൽകേണ്ടതുണ്ടെന്നും കനേരിയ വ്യക്തമാക്കി. അതേസമയം ടൂർണമെന്‍റിന് ദുബായിൽ ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാൻ പരിഗണിക്കണമെന്നും കനേരിയ അഭിപ്രായപ്പെട്ടു.
"ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) അവസാനിപ്പിക്കണ്ടതുണ്ട്. വിഷയത്തില്‍ തങ്ങളുടെ നിലപാട് എസിസി വ്യക്തമാക്കുകയും ഏഷ്യ കപ്പ് എവിടെയാണ് നടക്കുകയെന്ന് സ്ഥിരീകരിക്കുകയും വേണം.
ഇന്ത്യ കളിക്കാൻ വിസമ്മതിച്ചാൽ, പാകിസ്ഥാൻ തങ്ങൾക്ക് ഇനിയും മതിയായ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ, ടൂർണമെന്‍റുമായി മുന്നോട്ട് പോകണം. എന്നിരുന്നാലും, ടൂര്‍ണമെന്‍റിന് ദുബായിൽ ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാൻ പരിഗണിക്കണമെന്ന് എനിക്ക് തോന്നുന്നു" കനേരിയ കൂട്ടിച്ചേർത്തു.
ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ, 2023 ഏഷ്യ കപ്പിന്‍റെയും 2025ലെ ചാമ്പ്യൻസ് ട്രോഫിയുടെയും ആതിഥേയാവകാശം പാക്കിസ്ഥാനാണ്. സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ - നവംബർ മാസങ്ങളിലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക.
പാകിസ്ഥാനില്‍ ഇന്ത്യ കളിക്കാന്‍ എത്തിയില്ലെങ്കില്‍ ടീമിന്‍റെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഒടുവില്‍ പുറത്ത് വന്നിരുന്നു. യുഎഇ, ഇംഗ്ലണ്ട്, ശ്രീലങ്ക, എന്നിവയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എസിസി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാകിസ്ഥാനില്‍ സമീപ കാലത്തായി നിരവധി ടീമുകള്‍ പര്യടനം നടത്തിയിട്ടുണ്ടെന്നും രാജ്യത്ത് യാതൊരു സുരക്ഷ പ്രശ്‌നങ്ങളുമില്ലെന്നുമാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നത്. ഇതോടെ വിഷയത്തിലെ ശീതസമരം വീണ്ടും കടുക്കുമെന്ന് ഉറപ്പായി.
ALSO READ: 'കോലി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്'; പഴയ വാര്‍ത്ത സമ്മേളനം ഓര്‍ത്തെടുത്ത് സർഫറാസ് അഹമ്മദ്