ബര്‍മിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ കൊവിഡ് ബാധിച്ച ഓസീസ് താരം തഹ്‌ലിയ മക്ഗ്രാത്ത് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. സംശയത്തെ തുടര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ ഷട്ട്‌ലര്‍ പിവി സിന്ധുവിനെ ഐസൊലേഷനിലാക്കിയ സംഘാടകര്‍ കൊവിഡ് ബാധിച്ച ഓസീസ് താരത്തെ കളിക്കാന്‍ അനുവദിച്ചു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ തഹ്‌ലിയക്ക് കൊവിഡ് ബാധിച്ച കാര്യം ടോസിന് മുന്നെ തന്നെ തങ്ങളെ അറിയിച്ചിരുന്നുവെന്ന് വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിനാലാണ് താരത്തെ കളിക്കാന്‍ അനുവദിച്ചതെന്നും ഇത് സംബന്ധിച്ച ചോദ്യത്തോട് ഹര്‍ന്‍പ്രീത് വിശദീകരിച്ചു.
''അവർ ഞങ്ങളെ ടോസിന് മുമ്പ് തന്നെ കാര്യം അറിയിച്ചിരുന്നു. അത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമായിരുന്നു, കാരണം കോമൺവെൽത്ത് അധികൃതരാണ് തീരുമാനമെടുക്കേണ്ടത്. തഹ്‌ലിയയ്‌ക്ക് കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതു കൊണ്ടാണ് ഞങ്ങൾ കളിക്കാൻ തീരുമാനിച്ചത്.'' ഹര്‍മന്‍പ്രീത് പറഞ്ഞു.
ഫൈനൽ മത്സരം കളിക്കാതിരിക്കുന്നത് താരത്തിന് വലിയ നഷ്‌ടമാകുമായിരുന്നുവെന്നും ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ഒമ്പത് റണ്‍സിന് തോറ്റ ഇന്ത്യയ്‌ക്ക് വെള്ളികൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 161 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടായി.
also read: CWG 2022 | ഓസീസിന് കൊമ്പുണ്ടോ?; കൊവിഡ് ബാധിച്ച തഹ്‌ലിയ കളിക്കാനിറങ്ങിയതില്‍ വിവാദം