പെര്‍ത്ത്: വിരാട് കോലിയുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ നടപടിയുമായി ഹോട്ടല്‍ അധികൃതര്‍. ക്രിക്കറ്റ് താരത്തിന്‍റെ മുറിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ക്രൗണ്‍ പെര്‍ത്ത് അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ താരത്തോട് ക്ഷമാപണവും ഹോട്ടല്‍ അധികൃതര്‍ നടത്തിയിട്ടുണ്ട്.
വിരാട് കോലിയുടെ ഹോട്ടല്‍മുറിയുടെ യഥാര്‍ഥ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ക്രൗണ്‍ പെര്‍ത്ത് വ്യക്തമാക്കി. സംഭവത്തില്‍ കരാറുകാരനുമായി കൂടുതല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായും, ഐസിസിയുമായും സഹകരിക്കുമെന്നും ഹോട്ടല്‍ അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനായി പെര്‍ത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ താമസിച്ച ഹോട്ടലില്‍ നിന്നാണ് വിരാട് കോലിയുടെ മുറിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി കോലി രംഗത്തെത്തിയിരുന്നു. തന്‍റെ സ്വകാര്യതയില്‍ ആശങ്കയുണ്ടെന്നും പേടിപ്പെടുത്തുന്ന കാര്യമാണിതെന്നും കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് വിരാട് കോലി വ്യക്തമാക്കിയിരുന്നില്ല. തങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ ആരാധകർ തയാറാകണമെന്നും വിനോദത്തിനുള്ള വസ്‌തുക്കളായി താരങ്ങളെ കാണരുതെന്നും കോലി അഭിപ്രായപ്പെട്ടിരുന്നു.