കാബൂൾ: ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പടയൊരുക്കത്തിലാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏഷ്യയിലെ ക്രിക്കറ്റ് ശക്തികളായി മാറിക്കൊണ്ടിരിക്കുകയാണ് അഫ്ഗാൻ. ലോകകപ്പില്‍ ടീമിന്‍റെ ലക്ഷ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ സെലക്ടറായ ദൗലത്ത് ഖാൻ അഹമ്മദ് സായ്.
ഈ ലോകകകപ്പിലെ കറുത്ത കുതിരകളാകാൻ തയ്യാറെടുക്കുന്ന അഫ്ഗാന്‍റെ മുഖ്യലക്ഷ്യം സെമി ഫൈനലിലെത്തുകയാണ് എന്ന് ദൗലത്ത് ഖാൻ വ്യക്തമാക്കി. 2010ലെ ടി-20 ലോകകപ്പിന് ശേഷമാണ് അഫ്ഗാൻ ക്രിക്കറ്റിന്‍റെ വളർച്ച ആരംഭിക്കുന്നത്. പിന്നീട് നടന്ന ഐസിസിയുടെ എല്ലാ ടൂർണമെന്‍റുകളിലും അഫ്ഗാനിസ്ഥാൻ യോഗ്യത നേടി. ഏത് ടീമിനെയും വിറപ്പിക്കാൻ ശേഷിയുള്ള ഒരു ടീമായി അഫ്ഗാനിസ്ഥാൻ മാറിയിരിക്കുന്നു. ഐപിഎല്ലില്‍ പോലും നിറഞ്ഞുനില്‍ക്കുകയാണ് അഫ്ഗാന്‍റെ ഒരുപിടി മികച്ച താരങ്ങൾ. സ്പിൻ മാന്ത്രികൻ റാഷീദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ, മുഹമ്മദ് ഷഹ്സാദ്, അസ്ഗാർ അഫ്ഗാൻ ഉൾപ്പെടെയുള്ള താരങ്ങൾ മികച്ച പ്രകടനമാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ കാഴ്ചവച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പില്‍ ശ്രദ്ധേയമായ പ്രകടനമാണ് അഫ്ഗാൻ പുറത്തെടുത്തത്. ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയ അവർ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്തു. ഐസിസിയുടെ യോഗ്യത ടൂർണമെന്‍റില്‍ ചാമ്പ്യന്മാരായാണ് അഫ്ഗാൻ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. 2015ലെ ഏകദിന ലോകകപ്പില്‍ അഫ്ഗാൻ സ്കോട്ട്ലാൻഡിനെ തോല്‍പ്പിച്ച് കന്നി ലോകകപ്പ് വിജയം സ്വന്തമാക്കിയിരുന്നു.