ശ്രീലങ്ക... ഒരു കാലത്ത് ലോകക്രിക്കറ്റിലെ മികവുറ്റ താരങ്ങള്‍ ഒന്നിച്ച് അണിനിരന്നിരുന്ന ടീം, പേരുകേട്ട പല വമ്പന്മാരെയും വിറപ്പിച്ചിരുന്ന ടീം...ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. സീനിയര്‍ താരങ്ങളില്‍ പലരും ഒരുമിച്ച് കളിമതിയാക്കിയത് അവരുടെ പോരാട്ട വീര്യത്തെ ബാധിച്ചു. ഇപ്പോള്‍ ടീമിനൊപ്പമുള്ള താരങ്ങളില്‍ പലരെയും ആര്‍ക്കും അത്ര പരിചയമില്ലാതെയായി.
മുന്‍ ലോക ചാമ്പ്യന്മാരായിരുന്നിട്ടും അവര്‍ക്ക് ഇക്കുറി ലോകകപ്പില്‍ സ്ഥാനം ഉറപ്പിക്കാന്‍ യോഗ്യത മത്സരങ്ങള്‍ കളിക്കേണ്ടി വന്നു. യുവതാരങ്ങള്‍ക്ക് കീഴില്‍ മികച്ച പ്രകടനം നടത്തി യോഗ്യത റൗണ്ടിലെ ചാമ്പ്യന്മാരായി. എന്നാല്‍, ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു ലോകപോരാട്ടത്തിനിറങ്ങുമ്പോള്‍ പ്രതാപകാലത്തേക്ക് ഇനി ശ്രീലങ്കയ്‌ക്കൊരു (Sri Lankan Cricket Team) തിരിച്ചുപോക്ക് ഉണ്ടാകുമോ എന്നാണ് കളിയാസ്വാദകര്‍ ഉറ്റുനോക്കുന്നത്.
ഐസിസി ഏകദിന റാങ്കിങ്ങില്‍ ഏറെ പിന്നിലേക്ക് പോയിരുന്ന ശ്രീലങ്ക ഇക്കുറി സിംബാബ്‌വെയില്‍ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്‌ചവച്ചത്. അവിടെ ആകെ 9 മത്സരങ്ങള്‍ ലങ്ക കളിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും സൂപ്പര്‍ സിക്‌സിലെ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ടീം യോഗ്യത റൗണ്ടിലെ ചാമ്പ്യന്മാരായതും ലോകകപ്പ് പ്രവേശനം ഉറപ്പിച്ചതും.
പാതും നിസ്സങ്ക, ദിമുത് കരുണരത്നെ, വാനിഡു ഹസരംഗ, മഹീഷ് തീക്ഷ്‌ണ എന്നിവരുടെ മികവിലായിരുന്നു യോഗ്യത റൗണ്ടില്‍ ലങ്കയുടെ കുതിപ്പ്. ലോക മാമാങ്കത്തിന് എത്തുമ്പോള്‍ ഹസരംഗയുടെയും ദുഷ്‌മന്ത ചമീരയുടെയും സേവനം ഇല്ലാതിരിക്കുമെന്നത് അവര്‍ക്ക് തിരിച്ചടിയാണ്. എന്നാല്‍, ഇതിനെ കവര്‍അപ്പ് ചെയ്യാന്‍ സാധിക്കുന്ന താരങ്ങള്‍ ഉണ്ടെന്നതാണ് ടീമിന് ആശ്വാസം.
പാതും നിസ്സങ്കയ്‌ക്കും, ദിമുത് കരുണരത്നെയ്‌ക്കുമൊപ്പം കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര എന്നിവരിലാണ് ടീം ബാറ്റിങ്ങില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. നായകന്‍ ദസുൻ ഷനക, മഹീഷ് തീക്ഷ്‌ണ, മതിഷ പതിരണ, ദുനിത് വെല്ലലഗെ തുടങ്ങിയ താരങ്ങളുടെ പ്രകടനവും ലങ്കന്‍ കുതിപ്പിന് നിര്‍ണായകമാണ്.
ശ്രീലങ്കന്‍ ലോകകപ്പ് ചരിത്രം: 1975ലെ ആദ്യ ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാനാകാതെ മടങ്ങേണ്ടി വന്ന ടീമാണ് ശ്രീലങ്ക. ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ ടീമുകളോടായിരുന്നു ലങ്ക തോല്‍വി വഴങ്ങിയത്. 1979ലെ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ അവര്‍ക്കായിരുന്നില്ല.
എന്നാല്‍ അന്ന് സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് ഉള്‍പ്പെടയുള്ള താരങ്ങള്‍ അണിനിരന്ന ഇന്ത്യയെ തകര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അടുത്ത ലോകകപ്പിലും ഒരു ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ലങ്കന്‍ പടയ്‌ക്ക് മടങ്ങേണ്ടി വന്നു. 1987ല്‍ ഒരു ജയം പോലും നേടാനാകാതെയാണ് ശ്രീലങ്ക പുറത്തായത്.
രണ്ട് ജയം മാത്രമായിരുന്നു 1992ലെ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് നേടാനായത്. അതുവരെയുള്ള ലോകകപ്പ് ചരിത്രത്തിലെ അവരുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയുമായിരുന്നു അന്ന് ലങ്കയോട് പരാജയപ്പെട്ടത്.
ശ്രീലങ്കന്‍ തേരോട്ടമായിരുന്നു 1996ലെ ലോകകപ്പ്. അര്‍ജുന്‍ രണതുംഗയ്‌ക്ക് കീഴില്‍ കളിക്കാനിറങ്ങിയ ശ്രീലങ്ക ഗ്രൂപ്പ് അപരാജിത കുതിപ്പ് നടത്തി. ഓസ്‌ട്രേലിയ, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് ലങ്ക ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്.
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെയും സെമിയില്‍ ഇന്ത്യയേയും തകര്‍ത്ത് ടീം ഫൈനലിലെത്തി. ലാഹോറില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ലങ്ക ആദ്യമായി ലോകകപ്പില്‍ മുത്തമിടുകയും ചെയ്‌തു. 1999ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ശ്രീലങ്ക 2003ല്‍ സെമി ഫൈനല്‍ വരയെത്തി.
2007ലും 2011ലും ഫൈനലില്‍ അവര്‍ക്ക് തോറ്റ് മടങ്ങേണ്ടി വന്നു. 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ മൂന്ന് ജയം മാത്രം സ്വന്തമാക്കി പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരായിട്ടായിരുന്നു ശ്രീലങ്കന്‍ സംഘം നാട്ടിലേക്ക് മടങ്ങിയത്.
ശ്രീലങ്ക ഏകദിന ലോകകപ്പ് 2023 സ്ക്വാഡ് (Sri Lanka ODI World Cup 2023 Squad) : ദസുൻ ഷനക (ക്യാപ്‌റ്റന്‍), കുസൽ മെൻഡിസ് (വൈസ് ക്യാപ്‌റ്റന്‍), കുസൽ പെരേര, പാതും നിസ്സങ്ക, ലഹിരു കുമാര, ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, മഹീഷ് തീക്ഷണ, ദുനിത് വെല്ലലഗെ, കസുൻ രജിത, മതീഷ പതിരണ, ദില്‍ഷന്‍ മധുശനക, ദുഷൻ ഹേമന്ത. ട്രാവലിങ് റിസർവ്: ചാമിക കരുണരത്നെ.