ചെന്നൈ: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു (Shubman Gill Tested Positive for Dengue). ഈ സാഹചര്യത്തില്‍ എട്ടാം തീയതി ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ മത്സരത്തില്‍ ഗില്‍ കളിച്ചേക്കില്ലെന്ന് സൂചന.
ലോകകപ്പ് മത്സരത്തിന് എത്തിയത് മുതല്‍ തന്നെ ഗില്ലിന് പനി ഉണ്ടായിരുന്നതായി ടീമുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയെ അറിയിച്ചു. ഇന്ന് കൂടുതല്‍ ടെസ്റ്റുകള്‍ക്കും ഗില്ലിനെ വിധേയനാക്കുന്നുണ്ട്. അതിന് ശേഷമായിരിക്കും താരം ഉടന്‍ കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക.
ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് നിലവില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. സാധാരണ ഗതിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച രോഗികള്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് ഏഴ് മുതല്‍ പത്ത് വരെ ദിവസമാണ് വേണ്ടത്. നിലവില്‍ താരത്തിന് ഡെങ്കിപ്പനി ആയതുകൊണ്ട് തന്നെ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലെന്ന് ടീം മാനേജ്‌മെന്‍റും വ്യക്തമാക്കുന്നുണ്ട്.
സാധാരണ വൈറല്‍ പനി ആയിരുന്നെങ്കില്‍ ആന്‍റിബയോട്ടിക്കുകള്‍ കഴിച്ച് രോഗം ഭേദമാക്കാം. എന്നാല്‍, ഇത് ഡെങ്കിപ്പനി ആയതുകൊണ്ട് തന്നെ വിദഗ്ദ നിര്‍ദേശങ്ങള്‍ കേട്ട് മാത്രമെ മുന്നോട്ട് പോകൂവെന്നും ടീമുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഈ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ശുഭ്‌മാന്‍ ഗില്‍ ഇന്ത്യയ്‌ക്കായി ബാറ്റ് വീശുന്നത്. ഈ വര്‍ഷം 72.35 ബാറ്റിങ് ശരാശരിയില്‍ 1,230 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. അതേസമയം, ശുഭ്‌മാന്‍ ഗില്ലിന്‍റെ അഭാവത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനായിരിക്കും (Ishan Kishan) ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ലോകകപ്പ് സ്ക്വാഡില്‍ ഇന്ത്യയുടെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ള താരമാണ്.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad) : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.