കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സെമി കാണാതെ പാകിസ്ഥാന്‍ പുറത്തേക്ക്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തെരഞ്ഞടുത്തതോടെയാണ് പാകിസ്ഥാന്‍റെ സാധ്യതകള്‍ അസ്‌തമിച്ചിരിക്കുന്നത്. ഇതോടെ, ലോകകപ്പ് സെമിയില്‍ ഇന്ത്യ (India), ദക്ഷിണാഫ്രിക്ക (South Africa), ഓസ്‌ട്രേലിയ (Australia) ടീമുകള്‍ക്കൊപ്പം ന്യൂസിലന്‍ഡും (New Zealand) ഇടം പിടിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.
പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. എട്ട് മത്സരങ്ങളില്‍ നാല് ജയം സ്വന്തമാക്കിയ പാകിസ്ഥാന് എട്ട് പോയിന്‍റാണ് ഉള്ളത്. 9 മത്സരങ്ങളില്‍ 5 ജയം സ്വന്തമാക്കിയാണ് ന്യൂസിലന്‍ഡ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചത്.
അതേസമയം, ഇന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ പാകിസ്ഥാനും പത്ത് പോയിന്‍റാകും. എന്നാല്‍, നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ കിവീസിനെ പോയിന്‍റ് പട്ടികയില്‍ പിന്തള്ളുക എന്നത് പാക് പടയ്‌ക്ക് ബാലികേറാമലയാണ്. ന്യൂസിലന്‍ഡിന്‍റെ നെറ്റ് റണ്‍റേറ്റ് 0.743 ആണ്, പാകിസ്ഥാന്‍റേത് 0.036 ആണ്.
കിവീസിന്‍റെ റണ്‍റേറ്റ് മറികടക്കുന്നതിന് ഇംഗ്ലണ്ട് ഉയര്‍ത്തുന്ന വിജയലക്ഷ്യം ചുരുങ്ങിയ പന്തുകളില്‍ പാകിസ്ഥാന് മറികടക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് 300 റണ്‍സാണ് നേടുന്നതെങ്കില്‍ പാകിസ്ഥാന്‍ വെറും 6.1 ഓവറില്‍ (37 പന്തില്‍) ഈ സ്കോര്‍ മറികടക്കണം. എങ്കില്‍ മാത്രമാണ് അവര്‍ക്ക് ആദ്യ നാലില്‍ ഇടം കണ്ടെത്താന്‍ സാധിക്കുന്നതും.
നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായെത്തുന്നത് ന്യൂസിലന്‍ഡ് ആയിരിക്കും. നവംബര്‍ 15നാണ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലേറ്റുമുട്ടുന്ന ഒന്നാം സെമി ഫൈനല്‍ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്.
കളിച്ച എട്ട് മത്സരവും ജയിച്ച ഇന്ത്യയാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പ്രാഥമിക റൗണ്ടില്‍ ശേഷിക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയാണ് ഇന്ത്യയ്‌ക്ക് ഇനി നേരിടാനുള്ളത്. നാളെ (നവംബര്‍ 12) ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം.
ലോകകപ്പിലെ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. പോയിന്‍റ് പട്ടികയിലെ രണ്ട്, മൂന്ന് സ്ഥാനക്കാരാണ് ഈ ടീമുകള്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 16നാണ് മത്സരം.
Also Read : 'അതൊന്നും അത്‌ഭുതമായിരുന്നില്ല, അധ്വാനിച്ച് നേടിയതാണ്; ഈ ലോകകപ്പ് അഫ്‌ഗാന്‍റേത് കൂടിയാണ്...