മുംബൈ: കളിക്കളത്തിനകത്തും പുറത്തും ഒരു ക്യാപ്റ്റന്‍ എങ്ങനെ ആയിരിക്കണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് രോഹിത് ശര്‍മയെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid Praised Rohit Sharma). നേതൃത്വ മികവ് കൊണ്ടും ബാറ്റിങ് മികവ് കൊണ്ടും ഇന്ത്യയെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിച്ചിട്ടുണ്ടെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെയാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരിക്കുന്നത്.
'മികച്ച നായകനാണ് രോഹിത് ശര്‍മ എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. ഗ്രൗണ്ടിനകത്തായാലും പുറത്തായാലും അയാള്‍ മാതൃകാപരമായിട്ടാണ് ടീമിനെ നയിക്കുന്നത്. രോഹിത് നല്‍കിയ തകര്‍പ്പന്‍ തുടക്കങ്ങള്‍ പല മത്സരങ്ങളും ഞങ്ങളുടെ വരുതിയിലാക്കുന്നതായിരുന്നു.
ബുദ്ധിമുട്ടേറിയ പല സാഹചര്യങ്ങളും ഞങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാന്‍ രോഹിത് ശര്‍മയ്‌ക്കായിട്ടുണ്ട്. അവന്‍റെ അത്തരത്തിലുള്ള ഇന്നിങ്‌സുകള്‍ ഓരോ മത്സരത്തിലും വലിയ സ്വാധീനമാണ് ചെലുത്താറുള്ളത്. കൂടാതെ, രോഹിതിന്‍റെ ബാറ്റിങ് പിന്നാലെ എത്തുന്നവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കി നല്‍കുകയാണ് ചെയ്യുന്നത്.
ഓരോ മത്സരത്തേയും ഇതുവരെയുള്ളതില്‍ നിന്നും വ്യത്യസ്‌തമായ ഒരു രീതിയില്‍ നേരിടുന്നതിനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. അങ്ങനെയാണ് ആക്രമണോത്സുക ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിക്കുന്നതും. അത്തരമൊരു ശൈലി പിന്തുടരുന്നതിനായി ടീമിന്‍റെ നായകന്‍ തന്നെ മറ്റ് താരങ്ങള്‍ക്കും ഉദാഹരണമായി. ടീമിലെ ഓരോ അംഗങ്ങളില്‍ നിന്നും ബഹുമാനം നേടിയെടുക്കാനും രോഹിത് ശര്‍മയ്‌ക്ക് സാധിച്ചിട്ടുണ്ട്'- രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി (Rahul Dravid About Rohit Sharma).
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക സ്വാധീനമായ ഒരാളാണ് നായകന്‍ രോഹിത് ശര്‍മ. ബാറ്റുകൊണ്ടായാലും ക്യാപ്‌റ്റന്‍സി മികവ് കൊണ്ടും ടീമിന് ആവശ്യമായ സംഭാവന നല്‍കാന്‍ രോഹിതിന് ലോകകപ്പില്‍ ഇതുവരെ സാധിച്ചിട്ടുണ്ട്. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ അപരാജിത കുതിപ്പ് നടത്തിയ ടീം ഇന്ത്യ ഈ ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ ഒരു മത്സരവും പരാജയപ്പെടാതെയാണ് സെമിയിലേക്ക് എത്തിയത്.
ബാറ്റ് കൊണ്ടും ടീമിനായി മികച്ച പ്രകടനം തന്നെ ഇന്ത്യന്‍ നായകന്‍ പുറത്തെടുത്തിട്ടുണ്ട്. ഒമ്പത് മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത രോഹിത് ശര്‍മ 121.49 പ്രഹരശേഷിയില്‍ 503 റണ്‍സാണ് നേടിയത്. ലോകകപ്പില്‍ ഇതുവരെ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും നേടാനും രോഹിതിന് സാധിച്ചിട്ടുണ്ട് (Rohit Sharma Stats In Cricket World Cup 2023).