ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ജീവന്‍ മരണപ്പോരാട്ടത്തിന് പാകിസ്ഥാന്‍ (Pakistan) ടീം ഇന്ന് ഇറങ്ങുമ്പോള്‍ ആശങ്കയോടെയാണ് ആ മത്സരം കാണാന്‍ ഇന്ത്യന്‍ ആരാധകരും കാത്തിരിക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് പാക് പടയുടെ എതിരാളികള്‍ (Pakistan vs South Africa). ലോകകപ്പില്‍ ഇതുവരെ അഞ്ച് കളികളില്‍ രണ്ട് ജയം മാത്രമുള്ള പാകിസ്ഥാന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യമാണ്.
ഈ മത്സരത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയാണ് ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ പ്രോട്ടീസിന് പോയിന്‍റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധിക്കും (Cricket World Cup 2023 Points Table). നിലവില്‍ കളിച്ച അഞ്ച് മത്സരവും ജയിച്ച ടീം ഇന്ത്യയ്‌ക്ക് പത്ത് പോയിന്‍റാണ് ഉള്ളത്.
അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയ്‌ക്ക് എട്ട് പോയിന്‍റാണുള്ളത്. എന്നാല്‍, നെറ്റ് റണ്‍ റേറ്റില്‍ മറ്റ് ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് പ്രോട്ടീസ്. നിലവില്‍ 2.370 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍ റേറ്റ്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്‌ക്ക് 1.353 മാത്രമാണ് നെറ്റ് റണ്‍ റേറ്റ്. അതുകൊണ്ട് തന്നെ ഇന്ന് ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് സാധിക്കും.
അതേസമയം, ഇന്ന് പ്രോട്ടീസിനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ പാകിസ്ഥാന് നഷ്‌ടപ്പെട്ട അഞ്ചാം സ്ഥാനം തിരിച്ചുപിടിക്കാം. -0.400 എന്ന നെഗറ്റീവ് റണ്‍ റേറ്റ് ആയതുകൊണ്ട് തന്നെ നിലവില്‍ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരയ ഓസ്‌ട്രേലിയയെ മറികടക്കുക എന്നത് പാക് പടയ്‌ക്ക് കനത്ത വെല്ലുവിളിയാകും.
പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന് എട്ട് പോയിന്‍റാണ് നിലവിലുള്ളത്. 1.481 നെറ്റ് റണ്‍ റേറ്റുള്ള കിവീസിന് നാളെത്തെ മത്സരം ഓസ്‌ട്രേലിയക്കെതിരെ ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ സാധിക്കും. 1.142 നെറ്റ് റണ്‍ റേറ്റില്‍ ആറ് പോയിന്‍റുമായി ഓസ്‌ട്രേലിയയാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
ഇന്നലെ (ഒക്‌ടോബര്‍ 26) ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താന്‍ ശ്രീലങ്കയ്‌ക്കായി. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റുള്ള അവരുടെ നെറ്റ് റണ്‍ റേറ്റ് -0.205 ആണ്. അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് നിലവില്‍ പോയിന്‍റ് പട്ടികയിലെ അവസാന നാല് സ്ഥാനങ്ങളില്‍.