ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇരു ടീമും ഇന്നിറങ്ങുന്നത്.
ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്‍ (New Zealand Playing XI): ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്‍റനര്‍, മാര്‍ക് ചാപ്‌മാന്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍.
ശ്രീലങ്ക പ്ലേയിങ് ഇലവന്‍ (Sri Lanka Playing XI): പാതും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെൻഡിസ് (ക്യാപ്‌റ്റന്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, എയ്‌ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, ദുഷ്‌മന്ത ചമീര, ചമിക കരുണാരത്നെ, ദിൽഷൻ മധുശങ്ക.
ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിനാണ് ന്യൂസിലന്‍ഡും ശ്രീലങ്കയും ഇന്നിറങ്ങുന്നത്. പോയിന്‍റ് പട്ടികയില്‍ നിലവിലെ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന് സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്. അവസാന മത്സരത്തില്‍ പാകിസ്ഥാനോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ന്യൂസിലന്‍ഡിന്‍റെ സെമി സാധ്യതകള്‍ സങ്കീര്‍ണമാക്കിയത്.
അവസാന കളിയില്‍ ആദ്യം ബാറ്റ് ചെയ്‌ത കിവീസിന് 401 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായിരുന്നു. എന്നാല്‍, മഴ വില്ലനായെത്തിയ ആ മത്സരത്തില്‍ പാകിസ്ഥാനോട് 21 റണ്‍സിന്‍റെ തോല്‍വി അവര്‍ക്ക് വഴങ്ങേണ്ടി വരികയായിരുന്നു. മറുവശത്ത് നേരത്തെ തന്നെ ലോകകപ്പില്‍ നിന്നും പുറത്തായ ശ്രീലങ്ക ജയത്തോടെ മടങ്ങാനുള്ള ശ്രമത്തിലായിരിക്കും ഇന്നിറങ്ങുന്നത്.
പോയിന്‍റ് പട്ടികയില്‍ 9-ാം സ്ഥാനത്താണ് ശ്രീലങ്ക. എട്ട് മത്സരങ്ങളില്‍ ആകെ രണ്ട് ജയം മാത്രമാണ് ശ്രീലങ്കയ്‌ക്ക് ഇതുവരെ നേടാനായത്. ഏകദിന ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കില്‍ തുല്യശക്തികളാണ് ന്യൂസിലന്‍ഡും ശ്രീലങ്കയും. ഇരു ടീമും 11 പ്രാവശ്യമാണ് ഇതുവരെ ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ ശ്രീലങ്ക ആറ് മത്സരം ജയിച്ചപ്പോള്‍ ന്യൂസിലന്‍ഡ് വിജയം നേടിയത് അഞ്ച് മത്സരങ്ങളിലാണ്.
ലൈവായി മത്സരം കാണാനുള്ള വഴി (Where To Watch NZ vs SL): ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ന്യൂസിലന്‍ഡ്, ശ്രീലങ്ക മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാര്‍ വെബ്‌സെറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും മത്സരം കാണാന്‍ സാധിക്കും.
Also Read : 'ബൗളിങ് മാത്രമല്ല ബാറ്റിങും അറിയണമല്ലോ'... ചിന്നസ്വാമിയില്‍ ബാറ്റിങ് പരിശീലനം നടത്തി ഇന്ത്യന്‍ പേസര്‍മാര്‍