മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ടീം ഇന്ത്യയുടെ ആധിപത്യം പുതിയൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പ്രാഥമിക റൗണ്ടില്‍ കളിച്ച 9 മത്സരവും ജയിച്ചെത്തിയ ഇന്ത്യയ്‌ക്ക് അതേ മേധാവിത്വം കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയും ആവര്‍ത്തിക്കാനായി. പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരിയ ലോകകപ്പ് സെമിയിലേക്ക് എത്തിയ കിവീസിനെ 70 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത് (India vs New Zealand Match Result).
വാങ്കഡെയില്‍ ടോസ് നേടി ന്യൂസിലന്‍ഡിനെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നേടിയത് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 397 റണ്‍സ്. രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ നല്‍കിയ വെടിക്കെട്ട് തുടക്കവും വിരാട് കോലിയുടെ 50-ാം ഏകദിന സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ ശതകവും ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ മാറ്റ് കൂട്ടി. രണ്ടാം പകുതിയില്‍ ഏഴ് വിക്കറ്റുമായി ഇന്ത്യന്‍ ജയത്തില്‍ ഹീറോയായത് മുഹമ്മദ് ഷമി.
12 വര്‍ഷത്തിന് ശേഷം ഇന്ത്യ ആദ്യമായി സെമി ഫൈനല്‍ ഉറപ്പിച്ച മത്സരത്തിന് ശേഷം കൂടുതലായി ആഘോഷിക്കപ്പെടുന്നത് മുഹമ്മദ് ഷമിയുടെയും വിരാട് കോലിയുടെയും പേരുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് മുന്‍ താരം നാസര്‍ ഹുസൈന് മറ്റൊരു അഭിപ്രായമാണ് ഉള്ളത്. ഇന്ത്യയുടെ ലോകകപ്പ് ജയങ്ങള്‍ക്ക് പിന്നില്‍ നിര്‍ണായകമായത് നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനങ്ങളാണെന്നാണ് നാസര്‍ ഹുസൈന്‍റെ അഭിപ്രായം.
'മത്സരത്തിന് ശേഷം പ്രധാന തലക്കെട്ടുകളെല്ലാം വിരാട് കോലിയേയും മുഹമ്മദ് ഷമിയേയും ശ്രേയസ് അയ്യരെയും കുറിച്ചായിരിക്കും സംസാരിക്കുന്നത്. എന്നാല്‍, ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ഥ ഹീറോ ടീമിന്‍റെ കളി ശൈലിയെ തന്നെ മാറ്റി മറിച്ച രോഹിത് ശര്‍മയാണ്. ഇന്നത്തെ ഹീറോ രോഹിത് ആണെന്നാണ് ഞാന്‍ കരുതുന്നത്.
പ്രാഥമിക റൗണ്ട് പോലെയല്ല നോക്ക് ഔട്ടിലെ കാര്യങ്ങള്‍. എന്നാല്‍, ഈ രണ്ട് സാഹചര്യങ്ങളിലും നിര്‍ഭയത്തോടെ ബാറ്റ് ചെയ്യാനാണ് തങ്ങള്‍ പോകുന്നതെന്ന് ഇന്ത്യന്‍ നായകന്‍ എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. തന്‍റെ ബാറ്റിങ് ശൈലിയിലൂടെ തന്നെ രോഹിത് നയം വ്യക്തമാക്കുകയാണ് ചെയ്‌തത്.
കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമി ഫൈനല്‍ വരെ ഇന്ത്യ എത്തിയിരുന്നു. അവിടെ ഇംഗ്ലണ്ടായിരുന്നു അവരുടെ എതിരാളി. വളരെ സമ്മര്‍ദത്തോടെയാണ് ആ മത്സരം ഇന്ത്യ കളിച്ചത്. ഇംഗ്ലണ്ട് 10 വിക്കറ്റിനായിരുന്നു ഇന്ത്യയെ അന്ന് പരാജയപ്പെടുത്തിയത്.
ആ മത്സര ശേഷം രോഹിത് ദിനേശ് കാര്‍ത്തികുമായി സംസാരിച്ചു. അവിടെ, ഈ ശൈലിയില്‍ മാറ്റം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന്‍റെ ഫലങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കാണുന്നതും'- നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.
ലോകകപ്പിലെ സെമി ഫൈനലില്‍ ഇന്ത്യയ്‌ക്ക് വെടിക്കെട്ട് തുടക്കമായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് വേണ്ടി 29 പന്ത് നേരിട്ട രോഹിത് 47 റണ്‍സ് നേടിയാണ് മടങ്ങിയത്. നാല് ഫോറും നാല് സിക്‌സറും അടങ്ങിയതായിരുന്നു രോഹിതിന്‍റെ ഇന്നിങ്‌സ്.
Also Read : 'ഇന്ത്യ ശക്തരാണ്, എതിരാളി ആരായാലും ഫൈനലില്‍ വിയര്‍ക്കേണ്ടി വരും...' മുന്നറിയിപ്പുമായി കെയ്‌ന്‍ വില്യംസണ്‍