ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഇന്ന് സൂപ്പര്‍ സണ്‍ഡേയാണ്. പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ന്യൂസിലന്‍ഡും ഇന്ത്യയും (New Zealand vs India) മുഖാമുഖം എത്തുമ്പോള്‍ ആവേശം നിറഞ്ഞ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ ഏറ്റുമുട്ടിയ മത്സരമാണ് ധര്‍മ്മശാലയില്‍ അവസാനം നടന്നത്. മഴമൂലം 43 ഓവറാക്കി വെട്ടിച്ചുരുക്കിയ ഈ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 38 റണ്‍സിന്‍റെ ജയം സ്വന്തമാക്കാന്‍ നെതര്‍ലന്‍ഡ്‌സിനായി. അതേസമയം, ഇന്നത്തെ ന്യൂസിലന്‍ഡ് ഇന്ത്യ കളര്‍ഫുള്‍ മത്സരത്തേയും മഴ ബാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മേഘാവൃതമായ അന്തരീക്ഷത്തിലായിരിക്കും ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം ആരംഭിക്കുക എന്നാണ് കാലാവസ്ഥ പ്രവചനം. ധര്‍മ്മശാലയില്‍ രണ്ടാം ഇന്നിങ്‌സില്‍ രസം കൊല്ലിയായി മഴയെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാത്രിയോടെയാണ് മഴയ്‌ക്ക് സാധ്യത (India vs New Zealand Dharamshala Weather Report).
പേസര്‍മാര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്ന പിച്ചാണ് ധര്‍മ്മശാലയിലേത്. അവസാന 10 മത്സരങ്ങളില്‍ ധര്‍മ്മശാലയിലെ ശരാശരി ഒന്നാം ഇന്നിങ്സ് സ്കോര്‍ 254 റണ്‍സാണ്. ചേസിങ്ങില്‍ 57 ശതമാനം വിജയ സാധ്യതയുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ടോസ് നേരിടുന്ന ടീം ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത (Dharamshala Pitch Report).
അഞ്ചാം ജയത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും: കളിച്ച നാല് മത്സരവും ജയിച്ച് തകര്‍പ്പന്‍ ഫോമിലാണ് ടീം ഇന്ത്യ. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനതിരെ ഏഴ് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കളിച്ച ഓരോ മത്സരങ്ങളിലും എതിരാളികള്‍ക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു.
നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി എന്നിവരിലാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. പ്രധാന താരങ്ങളെല്ലാം അവസരത്തിനൊത്ത് ഉയരുന്നതും ടീമിന് ആശ്വാസമാണ്. ബൗളിങ് ഡിപ്പാര്‍ട്‌മെന്‍റില്‍ സ്‌പിന്നര്‍മാരും പേസര്‍മാരും അവരുടെ ജോലികള്‍ കൃത്യമായി തന്നെ ചെയ്യുന്നുണ്ട്.
മറുവശത്ത്, പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ന്യൂസിലന്‍ഡ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞ കിവീസിന് പിന്നീട് ടൂര്‍ണമെന്‍റില്‍ ഒരു തിരിച്ചുപോക്ക് ഉണ്ടായില്ല. നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ അഭാവത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായി.
ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ എന്നിവരുടെയെല്ലാം കരുത്തിലാണ് കിവീസിന്‍റെ റണ്‍സ് പ്രതീക്ഷകള്‍. മിച്ചല്‍ സാന്‍റ്‌നര്‍, മാറ്റ് ഹെൻറി തുടങ്ങിയ താരങ്ങളുടെ വിക്കറ്റ് വേട്ടയും ടീമിന് ആശ്വാസമാണ്. ആദ്യ സ്പെല്ലില്‍ ഇടംകയ്യന്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പ്രകടനങ്ങളും കിവീസിന് നിര്‍ണായകമാകും.