ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ജീവന്‍മരണപ്പോരില്‍ ഇംഗ്ലണ്ടിന് ആദ്യം ബാറ്റിങ്. ചിന്നസ്വാമിയില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍ ശ്രീലങ്കയെ ആദ്യം ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് മൂന്ന് മാറ്റങ്ങളുമായി കളിക്കാനിറങ്ങുമ്പോള്‍ രണ്ട് മാറ്റങ്ങളാണ് ലങ്ക വരുത്തിയിരിക്കുന്നത്.
ക്രിസ് വോക്‌സ്, മൊയീന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരാണ് ഇംഗ്ലീഷ് നിരയിലേക്ക് തിരിച്ചെത്തയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കായി വെറ്ററന്‍ താരം എയ്‌ഞ്ചലോ മാത്യൂസ് ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. പേസര്‍ മതിഷ പതിരണയുടെ പകരക്കാരനായി കഴിഞ്ഞ ദിവസമാണ് മാത്യൂസ് ടീമിനൊപ്പം ചേര്‍ന്നത്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍ (England Playing XI): ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ്, ലിയാം ലിവിങ്സ്റ്റണ്‍, മൊയീന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ശ്രീലങ്ക പ്ലേയിങ് ഇലവന്‍ (Sri Lanka Playing XI): പാതും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ് (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, എയ്‌ഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുന്‍ രജിത, ലഹിരു കുമാര, ദിൽഷൻ മധുശങ്ക
ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും ശ്രീലങ്കയ്‌ക്കും ഇന്ന് ജയം അനിവാര്യമാണ്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇംഗ്ലണ്ട്. നാല് മത്സരങ്ങളില്‍ ഒരൊറ്റ ജയം മാത്രമാണ് ഇംഗ്ലണ്ടിന് ഇതുവരെ ലോകകപ്പില്‍ നിന്നും നേടാനായത്.
തുടര്‍തോല്‍വികള്‍ക്കൊടുവില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് നേടിയ ഒരു ജയം മാത്രമാണ് ശ്രീലങ്കയുടെയും അക്കൗണ്ടില്‍. രണ്ട് പോയിന്‍റുള്ള അവര്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ്.
ഇംഗ്ലണ്ടും ശ്രീലങ്കയും നേര്‍ക്കുനേര്‍ വരുന്ന 12-ാമത്തെ ലോകകപ്പ് മത്സരമാണിത്. നേരത്തെ തമ്മിലേറ്റുമുട്ടിയ 11 മത്സരങ്ങളില്‍ 6 പ്രാവശ്യം ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് ലങ്ക അഞ്ച് ജയങ്ങളാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം, ഇരു ടീമും അവസാനം തമ്മിലേറ്റുമുട്ടിയ നാല് ലോകകപ്പുകളിലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ശ്രീലങ്കയ്‌ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി വഴങ്ങിയ ഒരേയൊരു മത്സരം ശ്രീലങ്കയോടാണ്. അതിന് മുന്‍പ് 2015ലും 2011ലെ ക്വാര്‍ട്ടര്‍ ഫൈനലിലും 2007ലും ശ്രീലങ്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ചിന്നസ്വാമിയിലെ പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാര്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്ന പിച്ചാണ് ബെംഗളൂരു ചിന്നസ്വാമിയിലേത്. ചിന്നസ്വാമിയിലെ അവസാന അഞ്ച് മത്സരങ്ങളിലെ ശരാശരി സ്കോര്‍ 295 റണ്‍സാണ്. ഇവിടെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഈ ലോകകപ്പില്‍ ഓസ്ട്രേലിയ പാകിസ്ഥാന്‍ മത്സരമാണ് ചിന്നസ്വാമിയില്‍ അവസാനം നടന്നത്. 95.3 ഓവര്‍ പന്തെറിഞ്ഞ ഈ മത്സരത്തില്‍ 672 റണ്‍സായിരുന്നു ചിന്നസ്വാമിയില്‍ പിറന്നത്.
മത്സരം ലൈവ് കാണാന്‍ (Where To Watch England vs Sri Lanka Match Live): ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇംഗ്ലണ്ട് ശ്രീലങ്ക മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാറിലൂടെയും മത്സരം കാണാന്‍ സാധിക്കും.