ധര്‍മ്മശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World cup 2023) ആദ്യ ജയം തേടി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇന്നിറങ്ങും. ജയം തുടരാന്‍ ഇറങ്ങുന്ന ബംഗ്ലാദേശാണ് ജോസ് ബട്‌ലറുടെയും സംഘത്തിന്‍റെയും എതിരാളി (England vs Bangladesh). രാവിലെ പത്തരയ്‌ക്ക് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് (HPCA) മത്സരം (England vs Bangladesh Match Venue and Time).
ന്യൂസിലന്‍ഡിനോട് ആദ്യ മത്സരത്തില്‍ വഴങ്ങിയ കൂറ്റന്‍ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്. കിവീസിനെതിരെ ബൗളര്‍മാര്‍ മികവിലേക്ക് ഉയരാതിരുന്ന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ആ തിരിച്ചടിയില്‍ നിന്നും കരകയറി ടൂര്‍ണമെന്‍റിലേക്ക് ശക്തമായി തന്നെ തിരിച്ചുവരാനുള്ള ശ്രമത്തിലാകും ഇംഗ്ലീഷ് പട.
ബാറ്റര്‍മാര്‍ ഇന്നും മികവ് കാട്ടുമെന്നാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ. ഇടുപ്പിന് പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ സേവനം ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇംഗ്ലണ്ടിന് ലഭ്യമായേക്കില്ല. ഈ സാഹചര്യത്തില്‍ അധികമായി ഒരു പേസറെ കളിപ്പിക്കാനാകും അവരുടെ ശ്രമം. ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയും ഇന്ന് കളിച്ചേക്കില്ലെന്നാണ് സൂചന.
മറുവശത്ത് ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ തകര്‍ക്കാന്‍ ആയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. ഇതേ വേദിയിലായിരുന്നു ആ ജയമെന്നതും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സ്പിന്നര്‍മാരുടെ മികവിലായിരുന്നു ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനെ തകര്‍ത്തത്.
കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റിങ് നിരയ്‌ക്ക് വെല്ലുവിളിയാകാന്‍ ഇവര്‍ക്കാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ കളിയില്‍ പന്ത് കൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ മെഹിദി ഹസന്‍ ഇന്നും അതേപ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്.
നേര്‍ക്കുനേര്‍ ചരിത്രം (England vs Bangladesh Head to Head Stats): ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 24 മത്സരങ്ങളിലാണ് ഇംഗ്ലണ്ട് ബംഗ്ലാദേശ് ടീമുകള്‍ ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 19 മത്സരത്തില്‍ ജയിച്ചത് ഇംഗ്ലണ്ടാണ്. കരുത്തരായ ഇംഗ്ലണ്ടിനെ അഞ്ച് പ്രാവശ്യമാണ് ബംഗ്ലാദേശ് അട്ടിമറിച്ചിട്ടുള്ളത്.
എന്നാല്‍, ലോകകപ്പ് പോരാട്ടങ്ങളുടെ നേര്‍ക്കുനേര്‍ കണക്കില്‍ ഇരു ടീമും തുല്യശക്തികളാണ്. ലോകകപ്പില്‍ നാല് പ്രാവശ്യം തമ്മിലേറ്റുമുട്ടിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ വീതമാണ് ഇരു ടീമുകളും ജയിച്ചത്.
ഏകദിന ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്‌ക്വാഡ് (Cricket World Cup 2023 England Squad): ഡേവിഡ് മലാൻ, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ജോസ് ബട്‌ലർ (ക്യാപ്‌റ്റന്‍), ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്‌റ്റണ്‍, മൊയീൻ അലി, സാം കറൻ, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ആദിൽ റഷീദ്, റീസ് ടോപ്ലി.
ഏകദിന ലോകകപ്പ് 2023 ബംഗ്ലാദേശ് സ്‌ക്വാഡ് (Cricket World Cup 2023 Bangladesh Squad): നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (വൈസ് ക്യാപ്‌റ്റന്‍), ലിറ്റൺ കുമർ ദാസ്, തൻസീദ് ഹസൻ തമീം, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), മെഹിദി ഹസൻ, മഹ്‌മുദുള്ള റിയാദ്, മുഷ്‌ഫിഖുർ റഹീം, തൗഹിദ് ഹൃദോയ്, നാസും അഹമ്മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, ഷാക് മഹിദി ഹസൻ, തസ്‌കിന്‍ അഹ്‌മദ്, ഷോരിഫുല്‍ ഇസ്‌ലാം, ഹസന്‍ മഹ്‌മൂദ്, തന്‍സിം ഹസന്‍ സാകിബ്.