അഹമ്മദാബാദ്: ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് (England vs New Zealand) ആവേശപ്പോരാട്ടത്തോടെയാണ് ഏകദിന ലോകകപ്പിന് (Cricket World Cup 2023) തിരശീല ഉയരുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഈ മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും കഴിഞ്ഞ പ്രാവശ്യത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ തകര്‍പ്പനൊരു മത്സരമാണ് ആരാധകരും കാത്തിരിക്കുന്നത്.
ലോകകപ്പില്‍ 140 കോടി ജനതയുടെ പ്രതീക്ഷകളുമായിറങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ ആദ്യ മത്സരം ഒക്‌ടോബര്‍ എട്ടിനാണ് (Team India First Match In Cricket World Cup 2023). അഞ്ച് തവണ ലോകകിരീടത്തില്‍ മുത്തമിട്ടിട്ടുള്ള ഓസ്‌ട്രേലിയ ആണ് രോഹിതിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍ (India vs Australia). ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയമാണ് ഈ പോരാട്ടത്തിന് വേദിയാകുന്നത്.
2013ല്‍ എംഎസ് ധോണിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതിന് ശേഷം ഐസിസിയുടെ ഒരു മേജര്‍ കിരീടങ്ങളും സ്വന്തമാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇക്കുറി സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ പത്ത് വര്‍ഷത്തോളമായുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതേ പ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യന്‍ താരങ്ങളും ലോകകപ്പിനിറങ്ങുന്നത്.
ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് മുന്‍പുള്ള ഐസിസിയുടെ 'ക്യാപ്‌റ്റന്‍സ് ഡേ' ഇവന്‍റില്‍ സമ്മര്‍ദങ്ങളില്ലാതെയാകും ഓരോ മത്സരത്തിനും ടീം ഇന്ത്യ ഇറങ്ങുകയെന്ന് നായകന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ഐസിസി ഈ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 10 ടീമുകളുടെയും നായകന്മാരായിരുന്നു പരിപാടിയില്‍ പങ്കെടുത്തിരുന്നത്.
'ഒരു ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇതൊരു വലിയ ടൂര്‍ണമെന്‍റാണ്. ഓരോ കാര്യങ്ങളിലും ശ്രദ്ധിച്ച് സമയമെടുത്ത് മാത്രമെ ഞങ്ങള്‍ മുന്നോട്ട് പോകൂ.
പ്രതീക്ഷകളിലൂടെയുണ്ടാകുന്ന സമ്മര്‍ദങ്ങളെ പ്രതിരോധിച്ച് വേണം ഞങ്ങള്‍ക്ക് മുന്നിലേക്ക് പോകാന്‍. ഏതൊരു ടൂര്‍ണമെന്‍റ് വന്നാലും വലിയ പ്രതീക്ഷകളായിരിക്കും എല്ലാവരിലുമുണ്ടാകുക. അതിനെ കുറിച്ചോര്‍ത്ത് സമ്മര്‍ദത്തിലാകാന്‍ ഞങ്ങള്‍ ഒരുക്കമല്ല.
ഓരോ മത്സരങ്ങളിലും ആരോടാണ് കളിക്കുന്നതെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്നും മാത്രമായിരിക്കും ഞങ്ങളുടെ ചിന്ത. ഓരോ താരങ്ങളും അവരുടെ ജോലികള്‍ കൃത്യമായി ചെയ്യുകയാണ് വേണ്ടത്. ലോകകപ്പിന് മുന്‍പ് നടത്തിയ തയ്യാറെടുപ്പുകള്‍ ഞങ്ങളുടെ താരങ്ങളെ ഏത് സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജരാക്കിയിട്ടുണ്ട്.
സമ്മര്‍ദഘട്ടങ്ങളെ അവഗണിക്കുക എന്ന് പറയുന്നത് വളരെ എളുപ്പമാണ്. കാര്യത്തോട് അടുക്കുമ്പോള്‍ അത് അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍, ഞങ്ങള്‍ ഇപ്പോള്‍ എന്തിനും റെഡിയാണ്. മികച്ച തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴെല്ലാം ഓരോ മത്സരത്തേയും നല്ല ആത്മവിശ്വാസത്തോടെ തന്നെ നേരിടാന്‍ സാധിക്കും.
എട്ടാം തീയതി ചെന്നൈയിലാണ് ഞങ്ങളുടെ ആദ്യ മത്സരം. ഓരോ മത്സരത്തിന്‍റെയും പ്രാധാന്യം മനസിലാക്കിക്കൊണ്ടായിരിക്കും ഞങ്ങള്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്‍റിലുടനീളം ഒന്നാം സ്ഥാനത്ത് തുടരാനായിരിക്കും ഞങ്ങളുടെ ശ്രമം'- ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.