ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ആദ്യ ജയം തേടി ഓസ്‌ട്രേലിയയും (Australia) ശ്രീലങ്കയും (Sri Lanka) ഇന്നിറങ്ങും (ഒക്ടോബര്‍ 15). സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ രണ്ട് ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യം. ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം തുടങ്ങുന്നത് (Australia vs Sri Lanka Match Preview).
പാരമ്പര്യം ഏറെയുണ്ടെങ്കിലും അതൊന്നും എടുത്തുപറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇക്കുറി ഇരു ടീമുകളും. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ഇരു കൂട്ടര്‍ക്കും തോല്‍വിയായിരുന്നു ഫലം. ഓസീസ് പട ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോല്‍വി വഴങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ ടീമുകള്‍ക്ക് മുന്നിലാണ് ശ്രീലങ്കയുടെ കാലിടറിയത്.
ലോകകപ്പില്‍ അഞ്ച് പ്രാവശ്യം മുത്തമിട്ടിട്ടുള്ള ഓസ്ട്രേലിയയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാനമാണ് കങ്കാരുപ്പടയുടെ സ്ഥാനം. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിങ്ങനെ എല്ലാ മേഖലയിലും തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് ഓസ്‌ട്രേലിയ ഇതുവരെ കാഴ്‌ചവച്ചത്.
കളിച്ച രണ്ട് മത്സരങ്ങളിലും ടീം ടോട്ടല്‍ 200 കടത്താന്‍ കങ്കാരുപ്പടയ്‌ക്കായിട്ടില്ല. നായകന്‍ പാറ്റ് കമ്മിന്‍സ് നേതൃത്വം നല്‍കുന്ന ബൗളിങ്ങും മികവിലേക്ക് ഉയര്‍ന്നിട്ടില്ല. ഫീല്‍ഡിലെ പാളിച്ചകളും ടീമിന്‍റെ തിരിച്ചടികള്‍ക്കുള്ള പ്രധാന കാരണമാണ്.
മറുവശത്ത് റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത ബൗളര്‍മാരാണ് ലങ്കയുടെ തലവേദന. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 428 റണ്‍സ് വഴങ്ങിയ ലങ്കന്‍ ബൗളര്‍മാര്‍ക്ക് രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെ 345 റണ്‍സ് പ്രതിരോധിക്കാന്‍ സാധിച്ചിരുന്നില്ല. ബാറ്റര്‍മാരുടെ ഫോമിലാണ് ലങ്കയുടെ പ്രതീക്ഷകളെല്ലാം.
പരിക്കേറ്റ നായകന്‍ ദസുന്‍ ഷനക പുറത്തായ സാഹചര്യത്തില്‍ കുശാല്‍ മെന്‍ഡിസിന് കീഴിലാകും ശ്രീലങ്കയിന്ന് കങ്കാരുപ്പടയെ നേരിടാന്‍ ഇറങ്ങുന്നത്. പേസര്‍ പതിരണയുടെ പരിക്കും ടീമിന് ആശങ്കയാണ്. 1996ലെ ലോകകപ്പ് ഫൈനലിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ ആദ്യ ജയം കൂടി ലക്ഷ്യമിട്ടാകും ശ്രീലങ്ക ഇന്ന് ഇറങ്ങുന്നത്.
ഓസ്‌ട്രേലിയ ശ്രീലങ്ക ലോകകപ്പ് ചരിത്രം : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇതുവരെ 11 പ്രാവശ്യമാണ് ഓസ്‌ട്രേലിയ ശ്രീലങ്ക ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അതില്‍ എട്ട് പ്രാവശ്യവും ജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. 2 മത്സരം ശ്രീലങ്ക ജയിച്ചപ്പോള്‍ ഒരു കളി ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ, സീന്‍ ആബോട്ട്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ് (Cricket World Cup 2023 Sri Lanka Squad): കുശാല്‍ മെൻഡിസ്, കുശാല്‍ പെരേര, സദീര സമരവിക്രമ, ലഹിരു കുമാര പാതും നിസ്സങ്ക, ചരിത് അസലങ്ക, ദിമുത് കരുണരത്‌നെ, ദസുൻ ഷനക (ക്യാപ്‌റ്റന്‍), ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ധനഞ്ജയ ഡി സിൽവ, മതീഷ പതിരണ, ദുഷൻ ഹേമന്ത, ദില്‍ഷന്‍ മധുഷങ്ക, കസുൻ രജിത.