ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ (Cricket World Cup 2023), നേര്‍ക്കുനേര്‍ പോരിന് ഇന്ത്യയും ഓസ്‌ട്രേലിയയും (India vs Australia Final)...ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഈ മത്സരം കാണാന്‍ കാത്തിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വരുന്ന രണ്ടാമത്തെ കിരീടപ്പോരാട്ടം. ആദ്യം ഏറ്റുമുട്ടിയത് രണ്ട് ദശാബ്‌ദം മുന്‍പ്. 20 വര്‍ഷത്തിനിപ്പുറം വീണ്ടുമൊരു ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍. സമാനതകള്‍ ഏറെയുണ്ട് 2003ലെയും 2023ലെയും ലോകകപ്പ് ഫൈനലുകള്‍ തമ്മില്‍. അവയില്‍ ചിലത് പരിശോധിക്കാം.
തോല്‍വി അറിയാതെയുള്ള കുതിപ്പുകള്‍: 2003ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയായത് ദക്ഷിണാഫ്രിക്ക. ഓസ്‌ട്രേലിയന്‍ ടീമിന്‍റെ സര്‍വാധിപത്യമായിരുന്നു അന്ന് ലോകകപ്പിലൂടെ ക്രിക്കറ്റ് ലോകം കണ്ടത്. തോല്‍വി അറിയാതെ പത്ത് ജയങ്ങളുമായിട്ടായിരുന്നു കങ്കാരുപ്പട അന്ന് ഫൈനല്‍ ടിക്കറ്റെടുത്തത്.
ഇന്ത്യയുടെ കുതിപ്പായിരുന്നു 2023ല്‍. പ്രാഥമിക റൗണ്ടില്‍ കളിച്ച 9 മത്സരവും ജയിച്ച് ഇന്ത്യ സെമിയില്‍. സെമിയിലും ജയം നേടിയതോടെ 10 തുടര്‍ ജയങ്ങളുമായി ഇന്ത്യയും ഫൈനലില്‍. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിന്നിങ് സ്ട്രീക്കാണ് ഇത്.
തുടര്‍ച്ചയായ എട്ട് ജയങ്ങളോടെയാണ് ടീം ഇന്ത്യ 2003ലെ ലോകകപ്പ് ഫൈനലിലേക്ക് എത്തിയത്. ഇത്തവണ ഓസ്‌ട്രേലിയന്‍ ടീമിന്‍റെ വരവും അങ്ങനെയാണ്. ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട അവര്‍ പിന്നീടുള്ള എട്ട് കളിയിലും ജയം പിടിക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ടീമിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ നേരെ തിരിച്ചാണ് ഇക്കാര്യം സംഭവിച്ചത്. ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്കായി.
വിക്കറ്റ് കീപ്പര്‍ രാഹുല്‍: നിലവിലെ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡാണ് 2003ലെ ഏകദിന ലോകകപ്പില്‍ വിക്കറ്റിന് പിന്നില്‍ ഇന്ത്യയ്‌ക്കായി ഗ്ലൗ അണിഞ്ഞത്. ഏവരെയും ഞെട്ടിച്ച് കൊണ്ട് വിക്കറ്റ് കീപ്പര്‍ റോളിലേക്ക് വന്ന രാഹുല്‍ ദ്രാവിഡിന് ലോകകപ്പില്‍ വിക്കറ്റിന് മുന്നിലും പിന്നിലും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധിച്ചിരുന്നു. 11 മത്സരം ഇന്ത്യയ്‌ക്കായി കളിച്ച ദ്രാവിഡ് 318 റണ്‍സാണ് അടിച്ചെടുത്തത്.
കെഎല്‍ രാഹുലിനാണ് ഇത്തവണ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ചുമതല. ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാഹുലിന് മറ്റൊരു ജോലി കൂടി ടീമിനായി ചെയ്യേണ്ടി വന്നതും. കിട്ടിയ അവസരം നല്ലതുപോലെ ഉപയോഗിച്ച രാഹുല്‍ 10 മത്സരത്തില്‍ നിന്നും 386 റണ്‍സ് ഇതുവരെ നേടുകയും ചെയ്‌തു.
കൂടാതെ, 2003ല്‍ സൗരവ് ഗാംഗുലി നായകനായ ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്‌റ്റനും രാഹുല്‍ ദ്രാവിഡായിരുന്നു. ഇപ്രാവശ്യം ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടിയായി പ്രവര്‍ത്തിക്കുന്നതും കെഎല്‍ രാഹുല്‍ ആണെന്നതാണ് ശ്രദ്ധേയം.
ഇന്ത്യക്കാരന്‍റെ റണ്‍വേട്ട: 2003ല്‍ ഓസ്‌ട്രേലിയ കിരീടമുയര്‍ത്തിയ ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 11 മത്സരം കളിച്ച സച്ചിന്‍ അന്ന് നേടിയത് 673 റണ്‍സ്. ഇത്തവണ വിരാട് കോലിയാണ് ലോകകപ്പിലെ ടോപ് സ്കോറര്‍. ഒരു മത്സരം ശേഷിക്കെ കോലി ഇതുവരെ 711 റണ്‍സ് നേടിയിട്ടുണ്ട്.
മൂന്നാം കിരീടം ലക്ഷ്യം: ജൊഹന്നാസ്‌ബെര്‍ഗില്‍ ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഓസ്‌ട്രേലിയ തങ്ങളുടെ മൂന്നാം ലോക കിരീടം സ്വന്തമാക്കിയത്. 1987, 1999 വര്‍ഷങ്ങളിലായിരുന്നു അതിന് മുന്‍പ് ഓസീസ് ലോകകിരീടം ചൂടിയത്. ഇതേ നേട്ടത്തിനരികിലാണ് ഇപ്പോള്‍ ഇന്ത്യയും. 1983, 2011 വര്‍ഷങ്ങളില്‍ ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യയും തങ്ങളുടെ മൂന്നാം കിരീടം തേടിയാണ് കങ്കാരുപ്പടയെ നേരിടാന്‍ ഇറങ്ങുന്നത്.