ബിർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്‍റെ രണ്ടാം സെമി ഫൈനൽ ഇന്ന്. മൂന്ന് മണിക്ക് എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ ലോകകപ്പ് സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന്‍റെ എതിരാളികൾ നിലവിലെ ചാമ്പ്യൻമാരും ചിരവൈരികളുമായ ഓസീസാണ്. കിരീടം നിലനിർത്താൻ ഓസ്ട്രേലിയയും കന്നിക്കിരീടം സ്വന്തമാക്കാൻ ഇംഗ്ലണ്ടും കച്ചമുറുക്കുമ്പോൾ തീപാറുന്ന പോരാട്ടം തന്നെയാകും എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ അരങ്ങേറുക.
ക്രിക്കറ്റിന്‍റെ തലതൊട്ടപ്പന്മാരാണെങ്കിലും ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ വഴിമുടക്കാൻ ഓസ്ട്രേലിയയ്ക്ക് അനായാസം സാധിച്ചിട്ടുണ്ട്.
1992ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ എത്തുന്നത്. കിരീടമുയർത്താൻ ഇനി ഇങ്ങനെയൊരവസരം കിട്ടില്ലെന്ന വ്യക്തമായ തിരിച്ചറിവോടെയാവും കലാശപോരാട്ടത്തിനായി ഇംഗ്ലണ്ട് കളത്തിലിറങ്ങുക. ബാറ്റിങിലും ബൗളിങിലും മികച്ച കളിക്കാരുള്ളതാണ് ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷ.
മികച്ച ഫോമിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയാണ് ഓസ്‌ട്രേലിയക്ക് ആത്മവിശ്വാസം നല്‍കുന്നത്. 638 റണ്‍സ് നേടി റണ്‍വേട്ടയില്‍ രണ്ടാമതുള്ള ഡേവിഡ് വാര്‍ണ്ണറും 507 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ള നായകന്‍ ആരോണ്‍ ഫിഞ്ചും നല്‍കുന്ന തുടക്കം ഓസ്‌ട്രേലിയയക്ക് നിര്‍ണ്ണായകമാണ്.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ കൈയെത്തും ദൂരത്താണെന്ന വിശ്വാസത്തില്‍ തന്നെയാണ് ഓസീസ് പോരാട്ടത്തിനിറങ്ങുന്നത്.