ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ടീമിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചത്.
നേരത്തെ പ്രഖ്യാപിച്ചിരുന്ന ടീമില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്ന മുഹമ്മദ് ആമിര്‍, വഹാബ് റിയാസ്, ആസിഫ് അലി എന്നിവര്‍ അന്തിമ പതിനഞ്ചംഗ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ ഇടംപിടിച്ച ആബിദ് അലി, ഫഹീം അഷ്‌റഫ്, ജുനൈദ് ഖാന്‍ എന്നിവര്‍ പുറത്തായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് ഫഹീം അഷ്‌റഫ്, ജുനൈദ് ഖാൻ എന്നിവരെ ഒഴിവാക്കാൻ കാരണമായത്. ആബിദ് അലിക്ക് ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ മാത്രമാണ് അവസരം ലഭിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്‍റിലുടനീളം ഫഖര്‍ സമാനും, ഇമാം ഉൾ ഹഖും നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനം ആബിദ് അലിക്കും ടീമിന് പുറത്തേക്കുള്ള വഴിയൊരുക്കി.
പേസ് ബൗളര്‍ വഹാബ് റിയാസ് തിരിച്ചെത്തിയെന്നതാണ് ഏറെ ശ്രദ്ധേയം. യാതൊരു പ്രതീക്ഷയുമില്ലാതിരുന്നിട്ടും ഇംഗ്ലണ്ടില്‍ മുമ്പ് കളിച്ചിട്ടുള്ള പരിചയമാണ് വഹാബിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പാക് ബൗളര്‍മാരുടെ ദയനീയ ബോളിംഗ് പ്രകടനമാണ് അസുഖത്തെത്തുടര്‍ന്ന് ടീമിന് പുറത്തിരുന്നിട്ടും മുഹമ്മദ് ആമിറിനെ ടീമിലേക്കെത്തിച്ചത്.
ലോകകപ്പിനുള്ള പാക് ടീം:
സര്‍ഫറാസ് അഹമ്മദ് (നായകൻ), ഫഖര്‍ സമാന്‍, ഇമാം ഉൾ ഹഖ്, ആസിഫ് അലി, ബാബര്‍ അസം, ഷുഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ഹാരിസ് സുഹൈല്‍, ഷദബ്ഖാന്‍, ഇമാദ് വസീം, ഹസന്‍ അലി, മുഹമ്മദ് ആമിര്‍, ഷഹിന്‍ഷാ അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്‌നൈന്‍.