ലണ്ടന്‍ : ക്രിക്കറ്റ് ലോകകപ്പിന്‍റെ 12-ാം പതിപ്പിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. റൗണ്ട് റോബിന് അടിസ്ഥാനത്തിലാണ് ഇത്തവണ ലോക ടൂർണമെന്‍റ് നടക്കുന്നത്.
സ്വന്തം നാട്ടില്‍ ആദ്യ ലോകകപ്പ് കിരീടം നേടുകയെന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. ആതിഥേയരെന്ന ആനുകൂല്യം, ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്ക‌്, ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റിംഗ് നിര എന്നിങ്ങനെ ഇംഗ്ലണ്ടിന് കരുത്തായി ഇത്തവണ നിരവധി ഘടകങ്ങളുണ്ട്. ജാസണ്‍ റോയ‌്-ജോണി ബെയര്‍സ‌്റ്റോ എന്നിവർ ഓപ്പണിംഗിൽ എത്തുമ്പോൾ പിന്നാലെ ജോ റൂട്ട്, ജോസ് ബട്ലർ, നായകൻ ഒയിൻ മോർഗൻ, മോയിൻ അലി എന്നിവർ ബാറ്റിംഗ് നിരയിൽ ഇംഗ്ലീഷ് പടക്ക് കരുത്താകും. ബൗളര്‍മാരില്‍ മൂന്ന‌് മത്സരത്തിന്‍റെ മാത്രം പരിചയമുള്ള ജോഫ്ര ആര്‍ച്ചറാണ‌് ഇംഗ്ലീഷ് പടയുടെ കുന്തമുന. മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിയാൻ കഴിയുന്നതാണ് താരത്തിന്‍റെ മികവ്. സ്പിൻ നിരയിൽ ആദില്‍ റഷീദും ഓൾറൗണ്ടർ മോയിൻ അലിയും അണിനിരക്കുമ്പോൾ പേസ് നിരയിൽ ആർച്ചറിനൊപ്പം സാം കറാനും ലിയാം പ്ലങ്കറ്റും ഉണ്ടാകും.
ലോകകപ്പിലെ ദൗർഭാഗ്യത്തിന്‍റെ മുഖമാണ് ദക്ഷിണാഫ്രിക്ക. നിർഭാഗ്യത്തിന്‍റെ കഥകൾ മായിച്ച് ആദ്യ മേജർ കിരീട നേട്ടമെന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് ഫാഫ് ഡുപ്ലെസിസിന്‍റെ കീഴിൽ പ്രോട്ടീസ് ഇത്തവണ എത്തുന്നത്. പരിചയസമ്പത്തുള്ള കളിക്കാരാണ് ആഫ്രിക്കൻ ടീമിന്‍റെ ശക്തി. ഹാഷിം അംലയും ക്വിന്‍റൺ ഡി കോക്കും ഓപ്പണിംഗിൽ എത്തുമ്പോൾ പരിചയസമ്പന്നരായ ഡുപ്ലെസിസ്, ഡേവിഡ‌് മില്ലർ, ജെപി ഡുമിനി എന്നിവർ ബാറ്റിംഗ് നിരക്ക് കരുത്ത് നൽകും. ബൗളിംഗിൽ കഗിസോ റബാഡയും ലോക നാലാം നമ്പർ താരം ഇമ്രാൻ താഹിറുമാണ് ദക്ഷിണാഫ്രിക്കയുടെ തുറുപ്പ് ചീട്ട്. പേസ് നിരയിൽ റബാഡക്ക് പിന്തുണയുമായി ഡെയിൽ സ്റ്റെയിൻ, ലുങ്കി എൻഗിഡി എന്നിവർ അണിനിരക്കുമ്പോൾ സ്പിൻ നിരയിൽ താഹിറിന് പിന്തുണ നൽകാൻ ഡുമിനിയുണ്ട്. എന്നാൽ പരിക്കിന്‍റെ പിടിയിലുള്ള സ്റ്റെയിന്‍റെ അഭാവം ഇന്നത്തെ മത്സരത്തിൽ ടീമിന് തിരിച്ചടിയായേക്കും. പ്രവചനം അസാധ്യമായ ഇംഗ്ലീഷ് കാലാവസ്ഥയില്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ക്രിക്കറ്റ് ആരാധകർക്ക് തീപാറുന്ന മത്സരം തന്നെ പ്രതീക്ഷിക്കാം. വൈകിട്ട് മൂന്ന് മണിക്ക് ഓവലിലാണ് മത്സരം.