ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളൊന്നും ഇതേവരെ കൈവരിക്കാനായിട്ടില്ലെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ. വെര്‍ച്വല്‍ മീഡിയ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാമ്പ്യന്‍ഷിപ്പുമായി മുന്നോട്ട് പോകുന്നതിലും ചെയര്‍മാന്‍ ആശങ്ക പ്രകടിപ്പിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിലാണ് ഗ്രെഗ് ബാര്‍ക്ലെയുടെ പ്രതികരണം. കൊവിഡ് 19 സാഹചര്യങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത് ഉചിതമാണോയെന്നും അദ്ദേഹം ചോദിച്ചു.
ചാമ്പ്യന്‍ഷിപ്പിന്‍റെ പോരായ്‌മകള്‍ കൊവിഡ് എടുത്തുകാണിക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതിനകം ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ധാരാളം ഗുണങ്ങളുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ചാമ്പ്യന്‍ഷിപ്പുമായി മുന്നോട്ട് പോകുന്നതിനോട് വിയോജിക്കുന്നു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ നിരവധി സീരീസുകളുമായി ബന്ധപ്പെട്ട് ഐസിസി അടുത്തിടെ പോയിന്‍റ് സമ്പ്രദായം പുനർരൂപകൽപ്പന ചെയ്തിരുന്നു. എന്നിരുന്നാല്‍ പോലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇതിലൂടെ കൈവരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോശം സാഹചര്യങ്ങളിലേക്ക് താരങ്ങളെ തള്ളിവിടരുതെന്നാണ് കരുതുന്നത്. കൊവിഡ് ഉയര്‍ത്തുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ചില രാജ്യങ്ങൾക്കായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കളിക്കുന്നതിലെ പ്രയാസങ്ങളും അദ്ദേഹം എടുത്തുകാട്ടി.
ലോകമെമ്പാടുമുള്ള ടി 20 ലീഗുകൾ ഉയര്‍ത്തികൊണ്ടുവരുന്ന തിരക്കേറിയ ക്രിക്കറ്റ് കലണ്ടറിനെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. ഇത് കളിക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഉഭയ കക്ഷി പരമ്പരകള്‍ക്ക് ഒപ്പം ഐസിസി ടൂര്‍ണമെന്‍റുകള്‍ക്കും പ്രാധാന്യം നല്‍കണമെന്നും ബാര്‍ക്ലെ പറഞ്ഞു.