ഇസ്ലാമാബാദ്: അടുത്ത വർഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ വസീം ഖാൻ അഭിപ്രായപ്പെട്ടു. “ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ട്വന്‍റി 20 ലോകകപ്പ് അവിടെ നടത്താനാകുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും ചില അനിശ്ചിതത്വമുണ്ട്. മത്സരങ്ങള്‍ ചിലപ്പോള്‍ യുഎഇയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്”- ഒരു സ്വകാര്യ യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വസീം ഖാൻ പറഞ്ഞു.
2021ന്‍റെ ആദ്യ പാദത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര നടത്താനും ഒപ്പം ഐപിഎല്‍ നടത്താനും ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ വസിം ഖാൻ ഇതില്‍ വ്യക്തമായ ചിത്രം ഏപ്രിലിൽ മാത്രമേ വരികയുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു. 2021ലെ ട്വന്‍റി 20 ലോകകപ്പ് ഇന്ത്യയിലും 2022ലേത് ഓസ്‌ട്രേലിയയിലും നടത്തുമെന്നാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയിലാണ്.
ഇന്ത്യയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ പങ്കെടുക്കാൻ പാകിസ്ഥാൻ ടീമിന് വിസ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വസിം ഖാൻ പറഞ്ഞു. വിഷയത്തില്‍ ഐസിസിയിൽ നിന്നും ബിസിസിഐയിൽ നിന്നും രേഖാമൂലമുള്ള സ്ഥിരീകരണത്തിനായി പിസിബി കാത്തിരിക്കുകയാണെന്നും ഖാൻ ആവർത്തിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്‍റെ അവസ്ഥ കണക്കിലെടുക്കുമ്പോൾ വിസയെക്കുറിച്ച് ഐസിസിയും ബിസിസിഐയും രേഖാമൂലം ഉറപ്പ് നൽകിയാൽ നന്നായിരിക്കുെമന്ന് വസീം ഖാൻ പറഞ്ഞു.
അതിര്‍ത്തി പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര ഉടനൊന്നും യാഥാര്‍ഥ്യമായില്ലെങ്കിലും ലോകകപ്പ് പോലെയുള്ള മത്സരങ്ങളിലും മറ്റെല്ലാ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളിലും ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പ് നൽകേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണെന്നും ഖാൻ പറഞ്ഞു.
ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ജൂണില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വസീം ഖാൻ അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ ഓൺലൈൻ മീറ്റിങ്ങില്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ തിയതികളുടെ കാര്യത്തില്‍ മാറ്റം വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ലെ ഏഷ്യാ കപ്പ് പാകിസ്ഥാനിലായിരിക്കുമെന്നും വസിം ഖാൻ അറിയിച്ചു.