ന്യൂഡല്‍ഹി: വനിതാ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ണ തോതില്‍ സംഘടിപ്പിക്കുന്നത് പുതിയ പ്രതിഭകളെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഇന്ത്യ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസ്. ബിസിസിഐ കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന വനിതാ ഐപിഎല്‍ മത്സരം രാജ്യത്തിനായി സമ്മാനിച്ച താരമാണ് ഷഫാലി വര്‍മയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓസട്രേലിയയില്‍ നടന്ന വനിതാ ടി20 ലോകകപ്പിലെ പ്രകടനത്തിലൂടെ 16 വയസ് മാത്രം പ്രായമുള്ള ഷഫാലി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു.
ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമെല്ലാം വനിതാ ആഭ്യന്തര ക്രിക്കറ്റ് ലീഗുമായി ഏറെ മുന്നോട്ട് പോയി കഴിഞ്ഞു.അത്തരത്തിലുള്ള ശ്രമങ്ങള്‍ ബിസിസിഐയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ജമീമ ആവശ്യപെട്ടു. എന്നാലെ നിലവിലെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് രാജ്യന്തര നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കൂ. കൂടാതെ പുതിയ പ്രതിഭകളെ കണ്ടെത്താനും. ഇതിനായി നിലവിലെ ഐപിഎല്ലിന് സമാന്തരമായി വനിതാ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനും ശ്രമമുണ്ടാകണം. നാല് ടീമുകളെ ഉള്‍പ്പെടുത്തി വനിതാ ടി20 ചലഞ്ചം സംഘടിപ്പിക്കാന്‍ ബോര്‍ഡ് തയ്യാറാകണം.
നിലവിലെ വനിതാ ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി സോഫി ഡിവൈന്‍, മെഗ് ലാനിങ് ഉള്‍പ്പെടെയുള്ള രാജ്യാന്തര വനിതാ ക്രിക്കറ്റേഴ്‌സിനൊപ്പം കളിക്കാന്‍ സാധിക്കുന്നത് വ്യത്യസ്ഥ അനുഭവമാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. വനിതാ ഐപില്‍ മത്സരങ്ങള്‍ ബിസിസിഐ സമീപ ഭാവിയില്‍ തന്നെ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന പ്രതീക്ഷയും ജമീമ റോഡ്രിഗസ് പങ്കുവെച്ചു. ഇതേവരെ 60 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച് ജമീമ റോഡ്രിഗസ് 16 ഏകദിനങ്ങളില്‍ നിന്നും 504 റണ്‍സും 44 ടി20കളില്‍ നിന്നായി 836 റണ്‍സും സ്വന്തമാക്കി.