ദുബായ്: ഐപിഎല്‍ 13-ാം പതിപ്പ് ആരംഭിക്കാന്‍ മൂന്ന് ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഫിക്‌സ്‌ചറിന്‍റെ കാര്യത്തില്‍ വ്യക്തതയില്ല. കൊവിഡ് 19 പശ്ചാത്തലത്തില്‍ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഇത്തവണ ടൂര്‍ണമെന്‍റ് നടക്കുക. മഹാമാരിയെ തുടര്‍ന്ന് എമിറേറ്റ്‌സില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളാണ് ഫിക്‌സ്‌ചര്‍ പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് സൂചന. അടുത്തിടെ യുഎഇയില്‍ കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. യാത്രാ വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഫിക്‌സ്‌ചര്‍ പ്രഖ്യാപനം എളുപ്പമാകും. നിലവിലെ സാഹചര്യത്തില്‍ ഒരു എമിറേറ്റില്‍ നിന്നും മറ്റൊന്നിലേക്ക് കടക്കാന്‍ ടീമുകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും.
യുഎഇയിലെ മൂന്ന് എമിറേറ്റുകളിലായാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് ഐപിഎല്‍ പൂരത്തിന് അരങ്ങൊരുങ്ങുക. ഗ്രൂപ്പ് സ്റ്റേജിലെ 21 വീതം മത്സരങ്ങള്‍ ദുബായിലും അബുദാബിയിലും നടത്താനാണ് നീക്കം നടക്കുന്നത്. ശേഷിക്കുന്ന 14 മത്സരങ്ങള്‍ ഷാര്‍ജയിലും.
അതേസമയം ഫിക്‌സ്‌ചര്‍ പ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് സംഘാടകരായ ബിസിസിഐ ഇതേവരെ പ്രതികരിച്ചിട്ടില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും മുംബൈ ഇന്ത്യന്‍സിനും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് അബുദാബിയിലാണ്. ഇരു ടീമകുള്‍ക്കും നിരവധി തവണ എമിറേറ്റ്‌സിന്‍റെ അതിര്‍ത്തി കടക്കേണ്ടിവരും. വിവിധ അതിര്‍ത്തികള്‍ കടക്കുന്നതുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നുണ്ട്. സെപ്‌റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ടൂര്‍ണമെന്‍റ്. ഐപിഎല്‍ 13ാം സീസണ് വേണ്ടി എട്ട് ടീമുകളാണ് പോരാടുക. നവംബര്‍ പത്തിനാണ് കലാശപ്പോര്.