രാജ്കോട്ട്: രാജ്കോട്ട് ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കെഎല്‍ രാഹുലിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രശംസ. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രാഹുല്‍ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നതെന്ന് കോലി മത്സര ശേഷം പറഞ്ഞു. അദ്ദേഹം ടീമിന്‍റെ അവിഭാജ്യ ഘടകമാണ്. ഏറെ പക്വതയോടെയും മികവോടെയുമാണ് ബാറ്റ് ചെയ്യുന്നത്. വ്യത്യസ്ത കഴിവുകളാല്‍ സമ്പന്നരായ ഇത്തരം താരങ്ങൾ അപൂർവമായേ ഉണ്ടാകാറുള്ളൂവെന്നും വിരാട് കോലി പറഞ്ഞു.
![KL Rahul News Virat Kohli News India vs Australia News ഇന്ത്യ vs ഓസ്‌ട്രേലിയ വാർത്ത കെഎല്‍ രാഹുല്‍ വാർത്ത വിരാട് കോലി വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/rahul_1801newsroom_1579319934_560.jpg)
52 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും അടക്കം 80 റണ്‍സ് അടിച്ചുകൂട്ടി നിശ്ചിത ഓവറില്‍ രണ്ട് പന്ത് മാത്രം ശേഷിക്കെയാണ് രാഹുല്‍ കൂടാരം കയറിയത്. ബാറ്റിങ് ഓർഡറില്‍ അഞ്ചാമതായി ഇറങ്ങിയ രാഹുലിന്‍റെ പ്രകടനമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഓസ്‌ട്രേലിയക്ക് എതിരെ 36 റണ്‍സിന്‍റെ വിജയമാണ് രാജ്കോട്ട് ഏകദിനത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയർത്തിയ 341 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 304 റണ്‍സിന് കൂടാരം കയറി. അതേസമയം ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമയുടെ പരിക്ക് സാരമുള്ളതല്ലെന്നും കോലി വ്യക്തമാക്കി. രാജ്കോട്ടില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് രോഹിതിന് ഇടത് തോളിന് പരിക്കേറ്റത്. ബംഗളൂരുവില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ രോഹിത് കളിച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ബംഗളൂരുവില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.