പൊച്ചെഫെസ്‌ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് അദ്യ സെമിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് 173 റണ്‍സ് വിജയലക്ഷ്യം. മികച്ച ഫോമില്‍ പന്തെറിഞ്ഞ ഇന്ത്യൻ ബൗളര്‍മാരുടെ പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഇന്ത്യയ്‌ക്കായി സുശാന്ത് മിശ്ര മൂന്ന് വിക്കറ്റും, കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹൈദര്‍ അലി (77 പന്തില്‍ 56), ക്യാപ്‌റ്റന്‍ റൊഹൈല്‍ നാസിര്‍ (102 പന്തില്‍ 62) എന്നിവരുടെ പ്രകടനമാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ആകെ മൂന്ന് പേര്‍ക്ക് മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടക്കാനായത്. 21 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസാണ് സ്‌കോറിങ്ങില്‍ രണ്ടക്കം കടന്ന മൂന്നാമന്‍.
ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന്‍റെ തുടക്കം രണ്ടാം ഓവറിന്‍റെ അവസാന പന്തില്‍ പാക് പടയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍ മുഹമ്മദ് ഹുറൈറയെ സക്‌സേനയുടെ കൈകളിലെത്തിച്ച സുശാന്ത് മിശ്രയാണ് പാകിസ്ഥാന് ആദ്യ പ്രഹരം നല്‍കിയത്. പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ ബൗളര്‍മാര്‍ പാകിസ്ഥാന്‍റെ റണ്‍ റേറ്റിനെ പിടിച്ചുനിര്‍ത്തി. മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ പാടുപെട്ട പാകിസ്ഥാനെ രക്ഷിച്ചത് ഹൈദര്‍ അലിയുടെയും, ക്യാപ്‌റ്റന്‍ റൊഹൈല്‍ നാസിറിന്‍റെയും ഒറ്റയാള്‍ പോരാട്ടങ്ങളാണ്. 16 റണ്‍സിനിടെയാണ് പാകിസ്ഥാന്‍റെ അവസാന അഞ്ച് വിക്കറ്റുകള്‍ വീണത്.
ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. പാക് ഇലവനിലും മാറ്റങ്ങളില്ല. ഇതുവരെ ഏറ്റുമുട്ടിയ ഒന്‍പത് മത്സരങ്ങളില്‍ അഞ്ചില്‍ പാകിസ്ഥാനും നാലില്‍ ഇന്ത്യയും വിജയിച്ചു. ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ സെമി പ്രവേശം.