കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി പരിശീലനം ആരംഭിക്കാന്‍ സർക്കാരിനോട് അനുവാദം ചോദിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്. ജൂലൈയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനം നടത്തുന്നത്. രാജ്യത്ത് കൊവിഡ് 19 മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ട്രെയിനിങ് ക്യാമ്പ് ഏത് രീതിയില്‍ ആരംഭിക്കണം എന്നതിനെ കുറിച്ച് പിസിബി അധികൃതർ ആലോചിച്ചുവരുകയാണ്. 25 പേരെയെങ്കിലും പര്യടനത്തിനായുള്ള ക്യാമ്പില്‍ ഉൾക്കൊള്ളിക്കേണ്ടി വരുമെന്ന് മുഖ്യ പരിശീലകനും സെലക്‌ടറുമായ മിസ്‌ബ ഉൾഹഖ് പറഞ്ഞു. ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് പരിശീലനത്തിന് ആവശ്യമായ കൊവിഡ് 19 പ്രതിരോധ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ക്യാമ്പ് ഒരുക്കേണ്ടതുണ്ട്. ഇതിനായി ലാഹോറിലെ ഹൈ പെർഫോമന്‍സ് സെന്‍ററിലെ സൗകര്യം ഉൾപ്പെടെ പ്രയോജനപ്പെടുത്തുന്ന കാര്യം ബോർഡിന്‍റെ പരിഗണനയിലാണ്.
പാകിസ്ഥാനില്‍ ഇതിനകം 85,000 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2.70 ലക്ഷം കടന്നു.