ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളർമാർക്ക് ക്ഷാമം ഉണ്ടായിരുന്ന കാലം. അതിവേഗക്കാരനല്ലെങ്കിലും ഇന്‍ സ്വിങ്ങറും ഔട്ട് സ്വിങ്ങറും സ്ലോ കട്ടറും ഒക്കെയായി ബാറ്റ്സ്‌മാന്‍മാരെ വട്ടം കറക്കിയ ഇന്ത്യന്‍ പേസർ.. വിദേശ പിച്ചുകളില്‍ ഇന്ത്യൻ ബൗളിങിന്‍റെ കുന്തമുനയായിരുന്ന വെങ്കിടേഷ് പ്രസാദിന് ഇന്ന് 51 വയസ്. 1996 ലോകകപ്പില്‍ പാകിസ്ഥാന്‍ ബാറ്റ്സ്‌മാന്‍ അമീര്‍ സൊഹൈലിനെ പുറത്താക്കിയ പ്രസാദിന്‍റെ പ്രകടനം ഇന്നും ആരാധകരുടെ ഓര്‍മയിലുണ്ട്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ പ്രസാദിനെ ബൗണ്ടറിയിലേക്ക് പറത്തിയ ശേഷം പോയി പന്ത് പെറുക്കാന്‍ ആവശ്യപെട്ട പാക് താരം അമീര്‍ സൊഹൈലിനെ തൊട്ടടുത്ത പന്തില്‍ ബൗൾഡാക്കിയാണ് പ്രസാദ് കളിമികവ് പുറത്തെടുത്തത്. അന്ന് സൊഹൈലിന് നേരെ പ്രസാദ് ഡ്രസിങ്ങ് റൂമിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഗാലറിയില്‍ ആര്‍പ്പുവിളിച്ചു. സൊഹൈലിന്‍റെ വിക്കറ്റ് പോയതോടെ മത്സരത്തിലേക്ക് തിരിച്ചത്തിയ ഇന്ത്യ ജയം കൈപ്പിടിയില്‍ ഒതുക്കി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 292 വിക്കറ്റുകളാണ് പ്രസാദ് സ്വന്തമാക്കിയത്. 33 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 96 വിക്കറ്റുകളും 161 ഏകദിനങ്ങളില്‍ നിന്നും 196 വിക്കറ്റുകളുമാണ് താരത്തിന്‍റെ പേരിലുള്ളത്.
1969 ഓഗസ്റ്റ് അഞ്ചിനാണ് വലങ്കയ്യന്‍ പേസറായ ബാപു കൃഷ്‌ണറാവു വെങ്കിടേഷ് പ്രസാദെന്ന വെങ്കിടേഷ് പ്രസാദ് ജനിക്കുന്നത്. ജയന്തി പ്രസാദാണ് ഭാര്യ. 1994ല്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിനം കളിച്ചാണ് പ്രസാദ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1996ല്‍ ബെര്‍മിങ്ങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറി. രണ്ടാമത്തെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌ത പ്രസാദ് ടെസ്റ്റ് ടീമില്‍ തന്‍റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. 1996ല്‍ ദക്ഷിണാഫ്രിക്കെതിരെ 10 വിക്കറ്റ് നേട്ടവും പ്രസാദ് സ്വന്തമാക്കി.
90കളില്‍ ജവഹല്‍ ശ്രീനാഥും പ്രസാദും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് നിരവധി മത്സരങ്ങളിലാണ് വിജയം ഒരുക്കിയത്. പരിക്ക് പലപ്പോഴും വില്ലനായതോടെ ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത പേസ് ബൗളർ കളി മതിയാക്കി. 2001ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റിലാണ് പ്രസാദ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. തുടര്‍ന്ന് 2005ല്‍ അദ്ദേഹം ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.
വിരമിച്ച ശേഷവും ക്രിക്കറ്റിന്‍റെ ഭാഗമായി തുടരുന്ന പ്രസാദ് നിലവില്‍ പരിശീലകന്‍റെ റോളിലാണ്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹം പരിശീലകന്‍റ റോളില്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. 2006ല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്‍റെ പരിശീലകനായി തുടങ്ങി. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ ടീം റണ്ണറപ്പായി. വെങ്കിടേഷ് പ്രസാദിന് 51-ാം പിറന്നാൾ ആശംസകൾ.