മെല്‍ബണ്‍: ഇന്ത്യയുടെ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള മത്സരങ്ങളുടെ സമയക്രമമായി. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുസംബന്ധിച്ച സമയക്രമം പുറത്തുവിട്ടു. നവംബര്‍ 27ന് ടീം ഇന്ത്യയുടെ പര്യടനം ആരംഭിക്കും. മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളും ഓസിസ് പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യ കളിക്കും.
നവംബര്‍ 27ന് സിഡ്നിയിലാണ് ആദ്യ ഏകദിനം. 29ന് സിഡ്‌നിയിലും ഡിസംബര്‍ രണ്ടിന് കാന്‍ബറയിലും ഏകദിന മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ ആറിന് കാന്‍ബറയില്‍ നടക്കുന്ന മത്സരത്തോടെ ടി20 പരമ്പരക്ക് തുടക്കമാകും. ഡിസംബര്‍ നാല്, എട്ട് തിയതികളില്‍ സിഡ്‌നിയില്‍ തുടര്‍ന്നുള്ള ടി20 മത്സരങ്ങള്‍ നടക്കും.
ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡിലെ പിങ്ക് ബോള്‍ ടെസ്റ്റോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള പരമ്പരക്ക് തുടക്കമാകും. ഇന്ത്യ വിദേശത്ത് കളിക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റെന്ന പ്രത്യേകതയും അഡ്‌ലെയ്‌ഡ് ടെസ്റ്റിനുണ്ടാകും.
ബോക്‌സിങ് ഡേ ടെസ്റ്റ് മെല്‍ബണില്‍ ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കും. സിഡ്നിയില്‍ ജനുവരി ഏഴ് മുതലാണ് മൂന്നാമത്തെ ടെസ്റ്റ്. അവസാന ടെസ്റ്റ് ജനുവരി 15 മുതല്‍ ബ്രിസ്‌ബേനില്‍ നടക്കും.
ഓസിസ് പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യ ക്വാറന്‍റെയിന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി നവംബര്‍ 12ന് തന്നെ സംഘം സിഡ്‌നിയില്‍ എത്തും.