സിഡ്‌നി: സിഡ്‌നി ഏകദിനത്തില്‍ ആറാമതൊരു ബൗളറുടെ കുറവ് ടീം ഇന്ത്യയെ സാരമായി ബാധിച്ചതായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ബൗളര്‍മാരുടെ അധികഭാരം ഇതിലൂടെ കുറക്കാനാകുമെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. സിഡ്‌നിയില്‍ ആതിഥേയര്‍ക്ക് എതിരെ 66 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു പാണ്ഡ്യ. ഐപിഎല്ലിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഹര്‍ദിക് സിഡ്‌നിയില്‍ വെള്ളിയാഴ്‌ച നടന്ന ഏകദിനത്തില്‍ പന്തെറിഞ്ഞിരുന്നില്ല. മത്സരത്തില്‍ മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുമ്രയും നവദീപ് സെയ്‌നിയും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കി. യുസ്‌വേന്ദ്ര ചാഹല്‍ സ്‌പിന്‍ തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും 10 ഓവര്‍ പന്തെറിഞ്ഞു. ആറാമത് ഒരു ബോളറുടെ അഭാവം ടീം ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. ബൗളറെന്ന നിലയില്‍ ടീമിന്‍റെ ഭാഗമാകാന്‍ തനിക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഹര്‍ദിക് പാണ്ഡ്യ ചൂണ്ടിക്കാട്ടി. സഹോദരനും മുംബൈ ഇന്ത്യന്‍സിന്‍റെ അവിഭാജ്യ ഘടകവുമായ ക്രുണാല്‍ പാണ്ഡ്യയെ ഉള്‍പ്പെടെ ഈ രംഗത്തേക്ക് പരിഗണിക്കാമെന്നും ഹര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്: ഓസിസ് പര്യടനം; സിഡ്‌നിയില്‍ ഇന്ത്യക്ക് 66 റണ്‍സിന്‍റെ തോല്‍വി
ആതിഥേയര്‍ക്ക് എതിരെ 66 റണ്‍സിന്‍റെ പരാജയമാണ് സിഡ്‌നിയില്‍ കോലിയും കൂട്ടരും ഏറ്റുവാങ്ങിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 308 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. പര്യടനത്തിന്‍റ ഭാഗമായുള്ള അടുത്ത മത്സരം സിഡ്‌നിയില്‍ ഈ മാസം 29ന് നടക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയുടെ ഭാഗമായി നടക്കുക.