ഹൈദരാബാദ്: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്ക് ക്രിക്കറ്റ് ലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അനില്‍ കുംബ്ലെ. സ്വന്തം മണ്ണില്‍ മാത്രമല്ല വിദേശത്തും ഈ ടീമിന് പരമ്പര നേടാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരമ്പര അടുത്ത മാസം മൂന്നാം തീയ്യതി ആരംഭിക്കാനിരിക്കേയാണ് കുംബ്ലെയുടെ പ്രതികരണം. ആദ്യ 11-ല്‍ മാത്രമല്ല ബഞ്ച് സ്‌ട്രങ്ങ്ത്തിന്‍റെ കാര്യത്തിലും ഇന്ത്യ മുമ്പിലാണ്.
ദക്ഷിണാഫ്രിക്കെതിരായ അവസാന ടെസ്റ്റില്‍ കുല്‍ദീപ് യാദവിന് പരിക്കേറ്റതിനെ തുടർന്ന് അവസരം ലഭിച്ച ഷഹബാസ് നദീം ഇതിന് ഉദാഹരണമാണെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇന്ത്യന്‍ എ ടീമിലുമായി ഷഹബാസ് നദീം ദീർഘകാലം കളിച്ചു. പിന്നീട് ദേശീയ ടീമിലേക്ക് അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായെന്നും കുംബ്ലെ പറഞ്ഞു. ഇത്തരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെയാണ് ടീമിനാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രവിശാസ്‌ത്രിക്ക് മുമ്പേ കുംബ്ലെയായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ പരശീലകന്‍. മൂന്ന് വർഷം മുമ്പ് താന്‍ പരിശീലകനായിരുന്നപ്പോൾ ലോക ക്രിക്കറ്റില്‍ ആധിപത്യം പുലർത്താനുള്ള വിഭവങ്ങൾ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 240 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്.