ദുബായ്: കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി-20 ലോകകപ്പ് മാറ്റിവെച്ചതായി ഐസിസി. ഒക്‌ടോബർ 18 മുതല്‍ നവംബർ 15വരെയാണ് ടി-20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ടൂർണമെന്‍റ് നീട്ടിവെയ്ക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും ഇന്നലെ ചേർന്ന ഐസിസി യോഗം ഈ വർഷം ലോകകപ്പ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് മാറ്റിവെച്ച സാഹചര്യത്തില്‍ ഈ സമയത്ത് നടക്കേണ്ട ഐപിഎല്‍ നടത്താൻ സാധ്യതയേറി.
ഐസിസി യോഗ തീരുമാനപ്രകാരം അടുത്ത മൂന്ന് വർഷങ്ങളിലായി മൂന്ന് ലോകകപ്പുകളാണ് നടക്കുക. 2021, 2022 വർഷങ്ങളില്‍ ടി-20 ലോകകപ്പും 2023ല്‍ ഏകദിന ലോകകപ്പും നടക്കും. 2024ല്‍ ന്യൂസിലൻഡില്‍ വനിതാ ലോകകപ്പിനും ഐസിസി അംഗീകാരം നല്‍കിയിട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥ്യം അരുളുന്നത്. എന്നാല്‍ ടി-20 ലോകകപ്പിനുള്ള വേദികളും രാജ്യങ്ങളും തീരുമാനിച്ചിട്ടില്ല. ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി-20 ലോകകപ്പ് മാറ്റിവെച്ചതിനാല്‍ ഐപിഎല്ലിന് വഴി തേടുകയാണ് ബിസിസിഐ. ഐപിഎല്‍ എഡിഷൻ യുഎഇയില്‍ നടത്താനും അല്ലെങ്കില്‍ ഇന്ത്യയിലെ രണ്ട് നഗരങ്ങളില്‍ മാത്രമായി നടത്താനും പദ്ധതിയുണ്ട്.
മൂന്ന് വർഷം... മൂന്ന് ലോകകപ്പുകൾ
2021 ഒക്‌ടോബർ -നവംബർ - ടി-20 ലോകകപ്പ്. ഫൈനല്‍ -നവംബർ 14
2022 ഒക്‌ടോബർ -നവംബർ - ടി-20 ലോകകപ്പ്. ഫൈനല്‍ -നവംബർ 13
2023 ഒക്‌ടോബർ -നവംബർ - ഏകദിന ലോകകപ്പ്. ഫൈനല്‍ -നവംബർ 26