ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണർ ലോകേഷ് രാഹുലിന് രണ്ടാം സ്ഥാനം. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തതാണ് താരത്തെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. നാല് സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം പട്ടികയില്‍ രണ്ടാമത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള രാഹുലിന് 823 പോയിന്‍റാണ് ഉള്ളത്. ഹിറ്റ്മാന്‍ രോഹിത് ശർമയും ആദ്യ 10-ല്‍ സ്ഥാനം പിടിച്ചു. 662 പോയിന്‍റാണ് രോഹിതിനുള്ളത്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം ആദ്യ 10-ല്‍ എത്തിയത്. 673 പോയിന്‍റുമായി നായകന്‍ വിരാട് കോലി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. 879 പോയിന്‍റുള്ള പാക് ഓപ്പണര്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്.
എന്നാല്‍ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10-ല്‍ ഇന്ത്യന്‍ താരങ്ങൾ ആരും ഇടം നേടിയില്ല. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ഒന്നാമത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്ര 11-ാം സ്ഥാനത്താണ്. ടീം റാങ്കിങ്ങില്‍ ഇന്ത്യ നാലാമതാണ്. പാകിസ്ഥാനാണ് മുന്നില്‍. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.