ക്രൈസ്റ്റ്ചർച്ച്: ടീം ഇന്ത്യയുടെ ബാറ്റിങ് പെർഫോമെന്‍സിനെ വിമർശിച്ച് ഉപനായകന്‍ അജിങ്ക്യാ രഹാന. ക്രൈസ്റ്റ്ചർച്ചില്‍ ഫെബ്രുവരി 29-ന് ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാറ്റിങ്ങില്‍ ടീം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ ഏകാഗ്രമായും തുറന്ന മനസോടെ ബാറ്റ് ചെയ്താലെ മികച്ച ഫലം ലഭിക്കൂ. ഇന്ത്യ എ ക്രൈസ്റ്റ് ചർച്ചില്‍ കളിച്ചിട്ടുണ്ട്. പേസും ബൗണ്‍സും ലഭിക്കുന്ന പിച്ചാണ് ഇവിടുത്തേത്. ക്രൈസ്റ്റ്ചർച്ചില്‍ ആദ്യ ദിവസത്തെ ഫലമനുസരിച്ച് വരും ദിവസങ്ങളിലെ നീക്കങ്ങൾ തീരുമാനിക്കും. കഴിഞ്ഞ മത്സരത്തെ കുറിച്ചല്ല വരാനിരിക്കുന്ന മത്സരത്തെ കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. ക്രൈസ്റ്റ് ചർച്ചില്‍ വിജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 60 പോയിന്‍റ് സ്വന്തമാക്കി ഏറെ മുന്നേറാന്‍ സാധിക്കും. ടീമെന്ന നിലയില്‍ അതിനാകും ശ്രമിക്കുക. ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ള താരങ്ങൾ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങൾ തമ്മിലുള്ള ആശയ വിനിമയം മത്സരത്തില്‍ നിർണായകമാകും. ഇശാന്ത് ശർമ്മ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിങ്ക്യാ രഹാനെ പറഞ്ഞു.
നേരത്തെ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് എതിരെ ഒരു ദിവസം ശേഷിക്കെ 10 വിക്കറ്റിന്‍റെ വിജയം ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഇതോടെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരിയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന്‍റെ ലീഡ് നേടിയിരുന്നു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 120 പോയിന്‍റോടെ ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. 360 പോയിന്‍റുമായി ടീം ഇന്ത്യയാണ് ഒന്നാമത്.