ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓഗസ്റ്റിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് സാധ്യത കുറവാണെന്ന് ബിസിസിഐ. പരിശീലനത്തിന്‍റെ അഭാവമാണ് ഇതിന് കാരണമായി ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്. നേരത്ത ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യക്ക് എതിരായ ടി20 പരമ്പരക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ബിസിസിഐ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ലോക്ക്‌ഡൗണ്‍ കാരണം കഴിഞ്ഞ 60 ദിവസത്തോളമായി ഇന്ത്യന്‍ ടീം പരിശീലനം നടത്തിയിട്ടെന്ന് ബിസിസിഐ പറയുന്നു. അവർ ബാറ്റും ബോളും വേണ്ട രീതിയില്‍ ഇത്രയം ദിവസം ഉപയോഗിച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു അന്താരാഷ്‌ട്ര മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാനാകുമൊ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നിലവില്‍ ട്രെയിനർമാരുടെ നിർദ്ദേശ പ്രകാരം ടീം അംഗങ്ങൾ വീടുകളിലാണ് പരിശീലനം നടത്തുന്നത്. എന്നാല്‍ അത് തുറന്ന മൈതാനത്ത് ടീമായി നടത്തുന്ന പരിശീലനത്തിന് പകരമാവില്ല. ഇതാണ് ആശങ്കക്ക് കാരണം. ഏർപ്പെട്ടിരിക്കുന്ന എല്ലാ കരാറുകളെയും ബിസിസിഐ മാനിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരക്ക് ആതിഥേയത്വം വഹിക്കാന്‍ സാധിക്കുമെന്ന ശുഭാപ്‌തി വിശ്വാസമാണ് ഉള്ളതെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്കയും വ്യക്തമാക്കി. പരമ്പരയുമായി ബന്ധപ്പെട്ട് ബിസിസിയുമായി നിരന്തരം ബന്ധപ്പെടുന്നതായി ക്രിക്കറ്റ് സൗത്താഫ്രിക്ക തലവന്‍ ഗ്രെയിന്‍ സ്‌മിത്ത് പറഞ്ഞു. സാമൂഹ്യ അകലം പാലിച്ച് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കാന്‍ തെയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റ് സൗത്താഫ്രിക്ക അധികൃതർ വ്യാഴാഴ്‌ച ബിസിസിഐയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നു.