വരാനിരിക്കുന്ന പരമ്പരകളില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ബ്ലാക്ക് ലൈഫ് മാറ്ററിന്‍റെ ഭാഗമായി മുട്ടുകുത്തി പ്രതിഷേധിക്കില്ല. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസയുടെ ആഹ്വാന പ്രകാരം ലിംഗാധിഷ്‌ടിത അതിക്രമത്തിന് എതിരെയും കൊവിഡ് ഇരകളെ അനുസ്‌മരിക്കാനും താരങ്ങള്‍ സമയം കണ്ടെത്തും. ഈ മാസം 25 മുതൽ 29 വരെ ദേശീയ തലത്തില്‍ നടക്കുന്ന ദുഖാചരണത്തിന്‍റെ ഭാഗമായാണ് ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ തീരുമാനം. ദുഖാചരണത്തിന്‍റെ ഭാഗമായി കളിക്കാര്‍ കറുത്ത ബാന്‍ഡ് ധരിക്കും.
കഴിഞ്ഞ ജൂലൈയില്‍ നടന്ന 3ടി ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഡയറക്‌ടര്‍ ഗ്രെയിം സ്‌മിത്തിന്‍റെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ മുട്ടുകുത്തി പ്രതിഷേധിച്ചിരുന്നു. നേരത്ത ലുങ്കി എൻഗിഡി ഉള്‍പ്പെടെയുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ബ്ലാക്ക് ലൈഫ് മാറ്ററിന്‍റെ ഭാഗമായി കത്തെഴുതിയും പ്രതികരിച്ചിരുന്നു.
മൂന്ന് വീതം ടി20യും ഏകദിനങ്ങളുമാണ് ദക്ഷിണാഫ്രിയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുക. പര്യടനം ഈ മാസം 27ന് ആരംഭിക്കും. ടി20 പരമ്പരയാണ് ആദ്യം നടക്കുക. നേരത്തെ പര്യടനത്തിന്‍റെ ഭാഗമാകാനിരുന്ന മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.