സിഡ്‌നി: ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എതിരെ സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിച്ചെന്നും താളം കണ്ടെത്തിയെന്നും സ്റ്റീവ് സ്‌മിത്ത്. മത്സരത്തില്‍ 66 പന്തില്‍ സ്‌മിത്ത് സെഞ്ച്വറിയോടെ 105 റണ്‍സ് സ്വന്തമാക്കിയിരുന്നു. 11 ബൗണ്ടറിയും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സ്‌മിത്തിന്‍റെ വെടിക്കെട്ട് ഇന്നിങ്സ്. ആരോണ്‍ ഫിഞ്ചുമായി ചേര്‍ന്ന് 108 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കാനും സ്‌മിത്തനായി. മുഹമ്മദ് ഷമിയുടെ 49ാം ഓവറില്‍ ബൗള്‍ഡായാണ് സ്‌മിത്ത് പുറത്തായത്. മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് എതിരെ 66 റണ്‍സിന്‍റെ ജയം സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്കായി.
ഡേവിഡ് വാര്‍ണറും ഫിഞ്ചും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 156 റണ്‍സാണ് അടിച്ചു കൂട്ടിയത്. അതിനാല്‍ സമ്മര്‍ദമില്ലാതെ കളിക്കാനായെന്ന് മത്സര ശേഷം സ്‌മിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരിടവേളക്ക് ശേഷം കളിക്കുന്ന ഏകദിനത്തില്‍ തന്നെ താളം കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ ബൗളര്‍മാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ അവസരം ലഭിച്ചു. കൂടാതെ ശക്തി മേഖലകളില്‍ കൂടുതല്‍ ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചെന്നും സ്‌മിത്ത് പറഞ്ഞു.
പരമ്പരയുടെ ഭാഗമായുള്ള അടുത്ത മത്സരം സിഡ്‌നിയില്‍ ഞായറാഴ്‌ച നടക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. പരമ്പരയില്‍ ഓസ്‌ട്രേലിയ ഇതിനകം 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.