ലാഹോര്‍: 2020-ലെ ടി-20 ലോകകപ്പ് പാകിസ്ഥാന്‍ സ്വന്തമാക്കാന്‍ സാധ്യത ഏറെയാണെന്ന് മുതിര്‍ന്ന താരം ഷൊയബ് മാലിക്ക്. ടി-20 ലോകകപ്പ് പോലുള്ള ടൂര്‍ണമെന്‍റുകള്‍ സ്വന്തമാക്കാന്‍ ശക്തമായ ബൗളിങ് യൂണിറ്റ് ആവശ്യമാണ്. ഭാഗ്യവശാല്‍ നിലവില്‍ പാകിസ്ഥാന് അതുണ്ട്. കൂടാതെ ബാറ്റിങ്ങിന്‍റെയും ഫീല്‍ഡിങ്ങിന്‍റെയും ഫിറ്റ്‌നസിന്‍റെയും കാര്യമെടുത്താലും ടീം ഒട്ടും മോശമല്ല. അതിനാല്‍ തന്നെ ഇത്തവണ ലോകകപ്പ് സ്വന്തമാക്കാന്‍ പറ്റിയ സമയമാണെന്നും പാകിസ്ഥാന്‍ താരം ഷൊയബ് പറഞ്ഞു.
അതേസമയം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് കൊവിഡ് 19 ഭീതിയിലാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് നടത്തിപ്പ് സംബന്ധിച്ച് ഐസിസി പുനരാലോചന നടത്തുകയാണ്. ഒരു മാസത്തിനുള്ളില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് ഐസിസിയുടെ നീക്കം.
നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തായ്യാറെടുപ്പിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. പര്യടനത്തിനുള്ള 29 അംഗ പാകിസ്ഥാന്‍ സംഘം ജൂണ്‍ 28-ന് പുറപ്പെടും. 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ടീം അംഗങ്ങള്‍ ഇംഗ്ലണ്ടില്‍ മത്സരങ്ങളുടെ ഭാഗമാകും. പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടെസ്റ്റും ടി-20യും പാക് ടീം കളിക്കും. അതേസമയം ഭാര്യ സാനിയ മിര്‍സയെയും മകന്‍ ഇഷാനെയും കാണാനായി ഷൊയബ് മാലികിന് പിസിബി ഇളവ് അനുവദിച്ചിട്ടുണ്ട്. ഭാര്യയെയും മകനെയും കണ്ടശേഷം ജൂലായ് 24-ന് ഷൊയബ് ഇംഗ്ലണ്ടില്‍ എത്തിയാല്‍ മതിയാകും.