ലണ്ടൻ: ഓസ്‌ട്രേലിയൻ മുൻ നായകനും സ്‌പിൻ മാന്ത്രികനുമായ ഷെയ്‌ൻ വോണിന് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്ക്. ഒരു വർഷത്തേക്ക് യൂറോപ്യൻ യൂണിയനില്‍ ഒരിടത്തും വാഹനമോടിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.
അമിത വേഗത്തില്‍ വാഹനമോടിച്ച് നിയമലംഘനം പതിവായതോടെയാണ് കോടതി ഇടപെട്ട് വോണിനെ വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആറ് തവണയാണ് വോൺ ഓവർ സ്‌പീഡിന് പിടിയിലായത്. 15 പെനാല്‍റ്റി പോയിന്‍റും താരത്തിന്‍റെ ലൈസൻസിനൊപ്പമുണ്ട്. ഒപ്പം പിഴയായി 1,845 യൂറോയും താരം കോടതിയില്‍ കെട്ടി വയ്‌ക്കണം. ക്രിക്കറ്റില്‍ ലെഗ് സ്പിന്നറാണെങ്കിലും വളയം കയ്യില്‍ കിട്ടിയാല്‍ വോൺ ഫാസ്റ്റാണ്. 2013ല്‍ അമിത വേഗത്തിന് വോൺ 500 യൂറോ പിഴയടയ്‌ക്കേണ്ടി വന്നിരുന്നു.
50കാരനായ ഷെയ്‌ൻ വോൺ 2007ലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപെടെയുള്ള ലീഗുകളില്‍ വോൺ കളിച്ചിട്ടുണ്ട്. ഓസീസിന് വേണ്ടി 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റുകളും വോൺ സ്വന്തമാക്കിയിട്ടുണ്ട്.