കണ്ണൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. കണ്ണൂർ ക്രിക്കറ്റ് അക്കാദമി കുട്ടികൾക്കായി സംഘടിപ്പിച്ച പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സഞ്ജു സാംസണെ പുറത്തിരുത്തിയത് കഴിവില്ലാത്തതുകൊണ്ടല്ല. മികച്ച നിലവാരം പുലർത്തുന്ന കളിക്കാരനാണ് സഞ്ജു. കേരളത്തിൽ നിന്ന് ഇനിയും മികച്ച കളിക്കാർ ഇന്ത്യൻ ക്രിക്കറ്റിൽ എത്തും. ഇന്ത്യയുടെ ബൗളിങ് നിലവാരം കഴിഞ്ഞ കാലത്തേക്കാൾ മെച്ചപ്പെട്ടതാണ്. കട്ടക്കില്‍ വിന്‍ഡീസിന് എതിരായ നിർണായക മത്സരത്തില്‍ അത് കാണാനും സാധിച്ചു. അഞ്ച് മുതല്‍ എട്ട് ബോളർമാർ വരെ ഇന്ന് ഇന്ത്യന്‍ ടീമില്‍ ഉണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്ത് എത്തിയതിൽ സന്തോഷമുണ്ടെന്നും വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
ഇന്ത്യക്കായി കളത്തിലിറങ്ങിയ അതേ ആവേശത്തോടെയിരുന്നു കണ്ണൂരിലെ ക്രിക്കറ്റ് പരിശീലന കളരിയിലും വെങ്കിടേഷ് പ്രസാദ് കുട്ടികൾക്ക് ബൗളിങ് തന്ത്രങ്ങൾ പകർന്നു നൽകിയത്. വലിയ താരത്തിന്റെ കീഴിൽ ലൈനും, ലെങ്തും തെറ്റാതെ കുട്ടികൾ പന്തെറിഞ്ഞു. 60 കുട്ടികളാണ് ക്രിക്കറ്റ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.