ന്യൂഡല്‍ഹി: ഉമിനീർ വിലക്ക് ഇടക്കാലത്തേക്കെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അനില്‍ കുംബ്ലെ. ആഗോള തലത്തില്‍ കൊവിഡ് 19 നിയന്തണത്തിലാകുന്നത് വരെ മാത്രമെ വിലക്ക് ഉണ്ടാകൂ. ഒരിക്കല്‍ കൊവിഡ് 19 നിയന്തണത്തിലായി കഴിഞ്ഞാല്‍ ഇത് അവസാനിപ്പിക്കും. ഏറ്റവും ചുരുങ്ങിയത് ഒരു വർഷത്തിനുള്ളില്‍ വൈറസിനെ നിയന്ത്രണത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ക്രിക്കറ്റ് സാധാരണ രൂപം കൈവരിക്കുമെന്നും അനില്‍ കുംബ്ലെ പറഞ്ഞു.
നേരത്തെ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി കമ്മിറ്റിയാണ് ഉമിനീർ വിലക്കിന് ശുപാർശ ചെയ്‌തത്. ഇതേ തുടർന്ന് ഐസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്‌റ്റാന്‍റേഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ ഉമിനീർ വിലക്കുമായി ബന്ധപ്പെട്ട് നിർദേശങ്ങളുണ്ടായിരുന്നു. കളിയുടെ ഭാഗമായി ഉമിനീരെടുത്ത് പന്തില്‍ പുരട്ടി തിളക്കം വർധിപ്പിക്കരുതെന്നാണ് ഐസിസി എസ്‌ഒപിയിലൂടെ വ്യക്തമാക്കിയത്.
അതേസമയം ഉമിനീരിന് പകരം പന്തിന്‍റെ തിളക്കം വർധിപ്പിക്കാന്‍ കൃത്രിമ വസ്‌തുക്കൾ ഉപയോഗിക്കാമെന്ന അഭിപ്രായങ്ങളോട് യോജിക്കാനാകില്ലെന്നും കുംബ്ലെ പറഞ്ഞു. ക്രിക്കറ്റിന്‍റെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ പുറത്ത് നിന്നുള്ള ഒരു സാധനവും കളിയില്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്താനാകും. അതിനാല്‍ തന്നെ കൃത്രിമ വസ്‌തുക്കൾ ഉപയോഗിച്ച് പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കുന്നത് ക്രിക്കറ്റില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നും അനില്‍ കുംബ്ലെ പറഞ്ഞു.
നേരത്തെ ഉമിനീർ വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ക്രിക്കറ്റ് താരങ്ങളാണ് രംഗത്ത് വന്നത്. ചിലർ റിവേഴ്‌സ് സ്വിങ് ലഭിക്കില്ലെന്ന് അഭിപ്രായപെട്ടപ്പോൾ മറ്റുചിലർ കൊവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യ സംരക്ഷണമാണ് പ്രധാനമെന്ന് പറഞ്ഞു.