ഹൈദരാബാദ്: ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിന് പരിശീലനം നല്‍കാനൊരുങ്ങുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധിതരെ സഹായിക്കുന്നിതിനുള്ള പണം ശേഖരിക്കുന്നതിനായി നടത്തുന്ന മത്സരത്തിലാണ് സച്ചിന്‍ പരിശീലകന്‍റെ വേഷത്തിലെത്തിയിരിക്കുന്നത്. പോണ്ടിങ് ഇലവനും, ഷെയിന്‍ വോണ്‍ ഇലവനും തമ്മിലാണ് മത്സരം സംഘര്‍പ്പിച്ചിരിക്കുന്നത്. "ബുഷ്‌ഫയര്‍ ക്രിക്കറ്റ് ബാഷ്" എന്ന് പേരിട്ടിരിക്കുന്ന മത്സരം ഫെബ്രുവരി എട്ടിന് നടക്കും.
സച്ചിനെ കൂടാതെ വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസ താരം കോര്‍ട്‌നി വാള്‍ഷും പരിശീലക വേഷത്തിലെത്തുന്നുണ്ട്. വാള്‍ഷിന്‍റെ ശിക്ഷണത്തിലായിരിക്കും ഷെയിന്‍ വോണും സംഘവും കളത്തിലിറങ്ങുക. ജസ്‌റ്റിന്‍ ലാങ്കര്‍, ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, ഷെയിന്‍ വാട്സണ്‍, മൈക്കല്‍ ക്ലാര്‍ക്ക്, അലക്‌സ് ബ്ലാക്‌വെല്‍ എന്നിവരുടെ തിരിച്ചുവരവിനും "ബുഷ്‌ഫയര്‍ ക്രിക്കറ്റ് ്ബാഷ്" മത്സരം വേദിയാകും.
"സച്ചിനെയും കോര്‍ട്‌നി വാള്‍ഷിനെയും ഓസ്‌ട്രേലിയയിലേക്ക് ക്ഷണിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിരവധി മികച്ച പ്രകടനങ്ങള്‍ കാഴ്‌ച വച്ചവരാണ് ഇരുവരും, അവരുടെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്" - ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്സ് അഭിപ്രായപ്പെട്ടു.
മത്സരത്തില്‍ നിന്നുള്ള വരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതര്‍ ഓസ്‌ട്രേലിയന്‍ റെഡ് ക്രോസിന് നല്‍കും. 29 പേരാണ് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ആളിപ്പടര്‍ന്ന കാട്ടുതീയില്‍ മരണപ്പെട്ടത്. രണ്ടായിരത്തോളം വീടുകളും കത്തിനശിച്ചു.