റായ്പൂര്‍: റോഡ് സേഫ്റ്റി വേൾഡ് സീരീസിന്‍റെ സെമിഫൈനലിൽ ഇടം നേടി ബ്രയാൻ ലാറയുടെ വെസ്റ്റ് ഇൻഡീസ് ലെജന്‍റ്സ്. ചൊവ്വാഴ്ച നടന്ന ആവേശപ്പോരാട്ടത്തില്‍ കെവിൻ പീറ്റേഴ്സന്‍റെ ഇംഗ്ലണ്ട് ലെജന്‍റ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിന്‍ഡീസ് ടീം സെമിയിലെത്തിയത്.
ഡ്വെയ്ൻ സ്മിത്ത്, നർസിങ് ഡിയോനാരിൻ എന്നിവരുടെ അർധസെഞ്ചുറി പ്രകടനത്തിന്‍റെ മികവിലാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ 187 റണ്‍സിന്‍റെ ലക്ഷ്യം വിന്‍ഡീസ് ടീം മറി കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സെടുത്തത്.
41 പന്തില്‍ 57 റണ്‍സെടുത്ത ഫില്‍ മസ്റ്റഡ്, 30 പന്തില്‍ 53 റണ്‍സെടുത്ത ഉവൈസ് ഷാ എന്നിവര്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തി. മറുപടിക്കിറങ്ങിയ വിന്‍ഡീസ് ഇന്നിങ്സിന്‍റെ അവസാന പന്തിലാണ് വിജയം പിടിച്ചെടുത്തത്. ഡ്വെയ്ൻ സ്മിത്ത് 31 പന്തില്‍ 58 റണ്‍സെടുത്തു. 37 പന്തില്‍ 53 റണ്‍സെടുത്ത നർസിങ് ഡിയോനാരിൻ പുറത്താവാതെ നിന്നു. നേരത്തെ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയ സ്മിത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.