ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അവസരം ലഭിച്ചാല്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്.
ഐപിഎല്‍ 13-ാം സീസണ്‍ 2020-ല്‍ തന്നെ നടത്താനാകുമെന്ന പ്രതീക്ഷയും അസറുദ്ദീന്‍ പങ്കുവെച്ചു. അനുകൂല സാഹചര്യം ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റ് ലീഗിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍ ഹര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഇത്രയും കാലം ആഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിക്കാനെ സാധിച്ചേക്കൂവെന്നും മുഹമ്മദ് അസറുദ്ദീന്‍ പറഞ്ഞു. രാജ്യത്തിനായി 99 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 6,125 റണ്‍സും 334 ഏകദിനങ്ങളില്‍ നിന്നും 9378 റണ്‍സും അസറുദ്ദീന്‍ സ്വന്തമാക്കി.