കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ തിരിച്ചുവരവിന്‍റെ പാതയില്‍ ബംഗാള്‍ ടീം. 13 വര്‍ഷത്തിന് ശേഷം ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇടംപിടിച്ചിരിക്കുകയാണ് ബംഗാൾ. 2006-2007 സീസണിലാണ് ബംഗാള്‍ അവസാനമായി ഫൈനല്‍ കളിച്ചത്. അന്ന് മുംബൈയ്‌ക്കെതിരെ പരാജയപ്പെടുകയും ചെയ്‌തു. 1989-1990 സീസണിലെ കിരീട നേട്ടത്തിന് ശേഷം, വീണ്ടും കപ്പുയര്‍ത്തുകയാണ് ബംഗാളിന്‍റെ ലക്ഷ്യം.
ടൂര്‍ണമെന്‍റിലെ ഫേവറീറ്റുകളായ കര്‍ണാടകയെ 174 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗാള്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. 352 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക 177 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 56 ഓവര്‍ മാത്രമാണ് കര്‍ണാടക ബാറ്റ് ചെയ്‌തത്. ഒരു ദിവസം ശേഷിക്കെയാണ് കര്‍ണാടക തോല്‍വി വഴങ്ങിയത്. ആറ് വിക്കറ്റ് നേടിയ മുകേഷ് കുമാറിന്‍റെ പ്രകടനമാണ് ബംഗാള്‍ വിജയം അനായാസമാക്കിയത്. കര്‍ണാടകയുടെ സ്‌റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ എന്നിവർ നിരാശപ്പെടുത്തി.
ആദ്യ ഇന്നിങ്സില്‍ 67/6 എന്ന നിലയില്‍ തകര്‍ന്ന ബംഗാളിനെ പുറത്താകാതെ 149 റണ്‍സ് നേടിയ എ.പി മജുംദാറാണ് 312 റണ്‍സിലെത്തിച്ചത്. കര്‍ണാടകയുടെ ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഇഷന്‍ പോരല്‍ ബംഗാളിന് ആദ്യ ഇന്നിങ്സ് ലീഡ് നേടിക്കൊടുത്തു. 190 റണ്‍സ് മാത്രമാണ് കര്‍ണാടകയ്‌ക്ക് ആദ്യ ഇന്നിങ്സില്‍ നേടാനായത്. രണ്ടാം ഇന്നിങ്സില്‍ 161 റണ്‍സ് നേടിയ ബംഗാള്‍ കര്‍ണാടകയ്‌ക്ക് മുന്നില്‍ 352 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വയ്‌ക്കുകയായിരുന്നു.