ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിദേശ ടി-20 ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് സുരേഷ് റെയ്‌നയും ഇർഫാന്‍ പത്താനും. സുരേഷ് റെയ്‌ന 2018-ന് ശേഷം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. അതേസമയം ഇർഫാന്‍ പത്താന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും വിരമിച്ചു.
ബിസിസിഐയുടെ നിലവിലെ നിയമം അനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റർക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. ഐപിഎല്‍ ഉൾപ്പെടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും വിരമിച്ചാല്‍ മാത്രമെ അതിന് സാധിക്കൂ.
ബിസിസിഐയുമായി കോണ്‍ട്രാക്‌ടില്ലാത്ത ഇന്ത്യന്‍ കളിക്കാർക്ക് വിദേശത്ത് കളിക്കാന്‍ അവസരമൊരുക്കണമെന്ന് സുരേഷ് റെയ്‌ന പറഞ്ഞു. ഇർഫാന്‍ പത്താനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് ബിസിസിഐ ഐസിസിയുമായും ഫ്രാഞ്ചൈസികളുമായും ബന്ധപ്പെട്ട് വേണ്ടത് ചെയ്യണം. ചുരുങ്ങിയത് രണ്ട് വിദേശ ലീഗുകളിലെങ്കിലും കളിക്കാന്‍ അവസരം ഉണ്ടാക്കണം. വിദേശ ലീഗുകളില്‍ കളിക്കുന്നത് രാജ്യത്തെ ക്രിക്കറ്റിനും ഗുണം ചെയ്യും. ഇത്തരത്തിലുള്ള ലീഗുകളില്‍ കളിച്ചുകൊണ്ടാണ് എല്ലാ അന്താരാഷ്‌ട്ര താരങ്ങളും ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.
ഈ ആഭ്യന്തര സീസണില്‍ മൂന്ന് ലീഗുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചതായി ഇർഫാന്‍ പത്താനും വെളിപ്പെടുത്തി. അതിന് ശേഷമാണ് തനിക്ക് ജമ്മു കശ്‌മീർ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാന്‍ അവസരം ലഭിച്ചത്. കരീബിയന്‍ പ്രീമിയർ ലീഗിലും ടി10 ലീഗിലും കളിക്കാന്‍ അവസരം ലഭിച്ചെന്നും പത്താന്‍ പറഞ്ഞു. അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കാന്‍ അവസരം ലഭിക്കാത്ത 30 വയസ് കഴിഞ്ഞ ഇന്ത്യന്‍ താരങ്ങൾക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഇതിലൂടെ മറ്റ് രാജ്യങ്ങളിലെ സംസ്‌കാരം മനസിലാക്കാന്‍ സാധിക്കുമെന്നും പത്താന്‍ പറഞ്ഞു.