ലാഹോർ: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റെ വിലക്കിനെതിരെ ഉമർ അക്‌മല്‍ നല്‍കിയ അപ്പീല്‍ ജൂണ്‍ 11ന് പരിഗണിക്കും. ബോർഡ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രില്‍ 27-ാം തീയതിയാണ് അഴിമതി വിരുദ്ധ നിയമപ്രകാരം ബോർഡ് ഉമർ അക്‌മലിനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കിയത്. അഴിമതി വിരുദ്ധ അന്വേഷണത്തെ തുടർന്ന് അച്ചടക്ക സമിതിയുടേതായിരുന്നു നടപടി. രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലാണ് സമിതി അന്വേഷണം നടത്തിയത്.
നേരത്തെ അക്‌മലിനെ പിസിബി സസ്‌പെന്‍റ് ചെയ്‌തതിനെ തുടർന്ന് 2020 സീസണിലെ പാകിസ്ഥാന്‍ സൂപ്പർ ലീഗില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പിഎസ്എല്ലില്‍ ക്വേട്ടാ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടി കളിക്കാനിരിക്കെ കഴിഞ്ഞ ഫെബ്രുവരി 20-ാം തീയതിയാണ് താരത്തിന്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നത്. മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ കമ്രാന്‍ അക്‌മലിന്‍റെ ഇളയ സഹോദരനാണ് ഉമർ അക്‌മല്‍.
ഇതിന് മുമ്പ് ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് ടെസ്‌റ്റിനിടെ ട്രെയ്‌നറോട് അക്‌മല്‍ മോശമായി പെരുമാറിയെന്ന് ആരോപണമുയർന്നിരുന്നു. ഈ സംഭവത്തില്‍ അക്‌മല്‍ നടപടിയില്ലാതെ രക്ഷപ്പെടുകയായിരുന്നു.