ഈസ്‌റ്റ് ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി20യില്‍ അവസാന ഓവറില്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 177 റണ്‍സെടുത്തു. 27 പന്തില്‍ 43 റണ്‍സെടുത്ത ഓപ്പണർ തെംബ ബാവുമയുടെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കിയത്. 31 റണ്‍സ് വീതമെടുത്ത ഓപ്പണർ ക്വിന്‍റണ്‍ ഡി കോക്കും വാന്‍ ഡെര്‍ ഡുസ്സെന്‍ എന്നിവർ മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിന് വേണ്ടി ക്രിഷ് ജോർദാന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബെന്‍ സ്റ്റോക്സ്, ആദില്‍ റാഷിദ്, ക്രിഷ് ജോർദാന്‍, മാർക്ക് വുഡ്, ടോം കുറാന്‍ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറിന് 176 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറില്‍ ജയം ഉറപ്പിച്ച് കളിച്ച ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കന്‍ ബൗളർ ലുങ്കി എന്‍ഗിഡി എറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു. അവസാന ഓവറില്‍ നാല് വിക്കറ്റ് ബാക്കി നില്‍ക്കെ ഏഴ് റണ്‍സ് മാത്രം മതിയായിരുന്നു ഇംഗ്ലണ്ടിന്. എന്നാല്‍ ലുങ്കി എന്‍ഗിഡി എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ത്തില്‍ അഞ്ച് റണ്‍സ് മാത്രം സ്വന്തമാക്കാനെ ഇംഗ്ലണ്ടിനായുള്ളൂ. അവസാന പന്തില്‍ ആദില്‍ റാഷിദിനെ പുറത്താക്കിയാണ് എന്‍ഗിഡി കളി അവസാനിപ്പിച്ചത്. 70 റണ്‍സോടെ ഓപ്പണർ ജാസണ്‍ റോയി അർധ സെഞ്ച്വറി സ്വന്തമാക്കിയപ്പോൾ നായകന്‍ ഇയോണ്‍ മോർഗന്‍ 52 റണ്‍സോടെയും അർധ സെഞ്ച്വറി സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ലുങ്കി എന്‍ഗിഡിയാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കി. ഫെബ്രുവരി 14-നാണ് അടുത്ത മത്സരം.