ഹൈദരാബാദ്: ഇന്ത്യ ആദ്യമായി ലോകകപ്പ് ഉയർത്തിയ ലോർഡ്‌സ് മൈതാനത്ത് ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ജേഴ്‌സി ഊരി ആഘോഷിക്കുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ പുതിയ ഭാവമായിരുന്നു. 2002 ജൂലായ് 13ന് ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്‌സ് മൈതാനത്ത് ഇംഗ്ളീഷ് ടീമിനെ തോല്‍പ്പിച്ച് നേടിയ വിജയം ഏത് വലിയ ടീമിനെയും അവരുടെ നാട്ടില്‍ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ആ മഹത്തായ വിജയത്തിന് 18 വർഷം തികയുമ്പോൾ ഓർമകളില്‍ നിറയുന്നത് യുവത്വത്തിന്‍റെ ക്രിക്കറ്റ് ആവേശമാണ്. ശ്വാസം അടക്കിപ്പിടിച്ച് കണ്ടിരുന്ന നിമിഷം. മുഹമ്മദ് കൈഫിനൊപ്പം സഹീർ ഖാൻ വിജയ റൺ നേടുമ്പോൾ ഏറെക്കാലം ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങുന്നവർ എന്ന വിമർശനത്തിന് കൂടിയാണ് നാറ്റ്‌വെസ്റ്റ് ട്രോഫി കിരീടനേട്ടത്തോടെ അവസാനമായത്. ലോർഡ്‌സിലെ പരാജയം തന്നെ പിന്നീട് പലപ്പോഴും അലട്ടിയിരുന്നതായി അന്നത്തെ ഇംഗ്ലീഷ് ടീമിന്‍റെ നായകന്‍ നാസര്‍ ഹുസൈന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ട്രസ്ക്കോത്തിക്കും നായകന്‍ നാസര്‍ ഹുസൈനും സെഞ്ച്വറി നേടിയിട്ടും ദാദക്കും കൂട്ടര്‍ക്കും മുന്നില്‍ ഇംഗ്ലീഷ് ടീമിന് മുട്ടുകുത്തേണ്ടി വന്നു. ഓപ്പണര്‍ ട്രസ്‌കോത്തിക്ക് 109 റണ്‍സെടുത്തപ്പോള്‍ മൂന്നാമനായി ഇറങ്ങിയ നാസിര്‍ ഹുസൈന്‍ 115 റണ്‍സെടുത്തു.
ഫൈനലില്‍ 325 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദാദയും കൂട്ടരും മൂന്ന് പന്ത് ശേഷിക്കെ രണ്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. മുഹമ്മദ് കെയ്‌ഫും യുവരാജ് സിങ്ങും ഉള്‍പ്പെട്ട യുവനിരയും പരിചയ സമ്പന്നരായ സച്ചിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളെയും ഇഴചേര്‍ത്ത് ജയിക്കാന്‍ ശീലിക്കുന്ന പുതിയൊരു ടീമിനെ സൃഷ്‌ടിച്ചെടുക്കുകയായിരുന്നു കൊല്‍ക്കത്തയുടെ രാജകുമാരന്‍. മുഹമ്മദ് കെയ്‌ഫും, യുവരാജും ഉള്‍പ്പെടുന്ന യുവനിര ഫീല്‍ഡിങ്ങിലെ ഇന്ത്യയുടെ പിഴവുകള്‍ പരിഹരിച്ചു. ഇരുവരം ചേര്‍ന്ന് നാറ്റ്‌വെസ്റ്റ് സീരീസിന്‍റെ കലാശപ്പോരില്‍ 121 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയാണ് വിജയം സ്വന്തമാക്കിയത്.
പ്രതിഭാധനരായ യുവതാരങ്ങളെ ഇന്ത്യന്‍ ടീമില്‍ അണിനിരത്താനുള്ള ഗാംഗുലിയുടെ തീരുമാനം നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിലൂടെ അടിയുറച്ചു. പിന്നീട് മഹേന്ദ്രസിങ്ങ് ധോണിയുള്‍പ്പെടയുള്ള താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചതിന് പിന്നിലും ദാദയുടെ ഈ ദീര്‍ഘവീക്ഷണമായിരുന്നു. 2007ല്‍ ഗാംഗുലി നായക സ്ഥാനം മഹേന്ദ്ര സിങ് ധോണിക്ക് കൈമാറുമ്പോഴേക്കും ലോകം കീഴടക്കാനുള്ള പടക്കോപ്പുകള്‍ ഇന്ത്യയുടെ ആവനാഴിയില്‍ സജ്ജമായിരുന്നു.
ഗാംഗുലി തുടങ്ങിവെച്ച വഴിയിലൂടെയുള്ള യാത്ര പൂര്‍ത്തിയാക്കുകയായിരുന്നു ധോണി. അന്ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ് ഒഴികെ മറ്റെല്ലാവരും ഇതിനകം പാഡഴിച്ചു. ലോർഡ്‌സിലെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച മുഹമ്മദ് കെയ്‌ഫ് 2018ലാണ് വിരമിച്ചത്. 2018ല്‍ നാറ്റ്‌വെസ്റ്റ് പരമ്പരയുടെ ഫൈനല്‍ നടന്ന ജൂലായ് 13നാണ് കെയ്‌ഫ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതാണ് ആ കപ്പിനോടുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുണ്ടായിരുന്ന അടുപ്പം. നാറ്റ്‌വെസ്റ്റ് പരമ്പരയുടെ ഫൈനലില്‍ 75 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ അര്‍ദ്ധസെഞ്ച്വറിയോടെ 87 റണ്‍സാണ് കെയ്‌ഫ് എടുത്തത്. അര്‍ദ്ധസെഞ്ച്വറിയോടെ 69 റണ്‍സെടുത്ത യുവരാജും ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായി. ലോർഡ്‌സിലെ ആ വിജയത്തിന്‍റെ 18-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അന്നത്തെ നായകന്‍ ഇന്ന് ബിസിസിഐയുടെ അമരത്താണ്.